Monday, 30 January 2017

സിനിമ - തമാര - എലിയ കെസ് നെയ്ഡർ


         ജോസഫ് നോവെ നിർമ്മിച്ച് എലിയ കെസ് നെയ്ഡർ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രമാണ് തമാര .
          ലിംഗവിവേചനം ശക്തമായ വെനസ്വേലയിലെ ആദ്യ ഭിന്ന ലിംഗക്കാരനായ പൊതുപ്രവർത്തകൻ തമാര ആൻഡ്രിന്റെ യഥാർത്ഥ ജീവിതത്തെ വരച്ചുകാണിക്കുന്ന ചിത്രമാണിത്.ഭിന്ന ലിംഗക്കാർ അനുഭവിക്കുന്ന ക്രൂരതകളുടെ നേർസാക്ഷ്യമാണ് ഈ ചിത്രം. യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായ തമാരയെ ഒരു അഭിഭാഷകനും കുടുംബസ്ഥനുമായി കാണാനാണ് വീട്ടുകാർ ആഗ്രഹിച്ചത്.എന്നാൽ തന്റെ വ്യക്തിത്വം ഒരു സ്ത്രീയുടേതാണെന്ന തിരിച്ചറിവ് അയാളുടെ ജീവിതത്തെ തകിടം മറിക്കുന്നു.
ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനായി ഒരു ഭിന്ന ലിംഗക്കാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന അയാൾ അവരുടെ ലൈംഗികാവയവം കണ്ട് ആ ഉദ്യമത്തിൽ നിന്ന് പിന്മാറുന്നു. എന്നാൽ പിന്നീട് അവരെക്കുറിച്ച് കൂടുതൽ അറിയാൻ താത്പ്പര്യപ്പെടുന്നു. മാനസികമായും ശാരീരികമായും സ്ത്രീ എന്ന സ്വത്വബോധത്തിലേക്ക് അയാൾ അടുക്കുന്നു. ലിംഗമാറ്റം നടത്താൻ അയാൾ തീരുമാനിക്കുന്നു.പൊതു സമൂഹം അവഗണിക്കുമ്പോഴും തന്റെ തീരുമാനത്തിൽ നിന്ന് അയാൾ പിന്മാറിയില്ല. ഒരു കോളേജ് പ്രൊഫസറായിരുന്ന അയാൾ പുരുഷനിൽ നിന്ന് സ്ത്രീയിലേക്ക് മാറിയപ്പോൾ മറ്റ് അധ്യാപകരും വിദ്യാർത്ഥി സമൂഹവും തമാരയ്ക്കു കൊടുത്തത് പരിഹാസം മാത്രമായിരുന്നു.എന്നാൽ പിന്നീട് ആഗോളതലത്തിൽ ഭിന്ന ലിംഗക്കാരുടേയും സ്ത്രീകളുടേയും ഉന്നമനത്തിനായി ജീവിതം മാറ്റി വെച്ച ത മാ ര വെനസ്വേലൻ കോൺഗ്രസിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 

No comments:

Post a Comment