Monday, 30 January 2017

കഥാപഠനം

N. S മാധവന്റെ 'ഹിഗ്വിറ്റ'.- ഒരു പഠനം
           
              രചനാ കൗശലത്തിന്റെ അപൂർവ്വതയാൽ മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചെറുകഥാകൃത്താണ് എൻ.എസ് മാധവൻ. സമകാലിക ജീവിതത്തോടുള്ള ധൈഷണിക പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ കഥകളിലധികവും . തന്റെ സവിശേഷമായ രചനാതസ്വാതന്ത്ര്യത്തിലൂടെ അവയെ കലാത്മകമാക്കി മാറ്റാനും അദ്ദേഹത്തിന് കഴിയുന്നു. ഭാവനയുടേയും ധൈഷണികതയുടേയും സവിശേഷമായ ഒരു ചേരുവയാണദ്ദേഹത്തിന്റെ കഥകളെന്നു പറയാം. അദ്ദേഹത്തിന്റെ ആദ്യകഥയായ ശിശുവിലും പ്ലേഗ് ബാധിച്ച് ചത്തൊടുങ്ങുന്ന ചൂളൈമേട്ടിലെ ശവങ്ങളിലും സമകാലിക രാഷ്ട്രീയ സംഭവങ്ങളെ പരാമർശിയ്ക്കുന്ന മുംബൈ, തിരുത്ത് എന്നീ കഥകളിലും നാലുലോകം, കർമൻ ,ഹിഗ്വിറ്റ എന്നീ കഥകളും ഈ സവിശേഷതയുടെ നിദർശനങ്ങളാണ്.
        
          ഫുട്ബോൾ കളിയുടെ സാധ്യതകൾ തന്റെ സവിശേഷമായ രചനാ കൗശലത്തിലൂടെ പ്രയോജനപ്പെടുത്തി അങ്ങേയറ്റം ഭാവാത്മകമായി ഈ ദർശനം ഹിഗ്വിറ്റയിലൂടെ അവതരിപ്പിച്ച് ഫലിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുകയും ചെയ്യുന്നു.
        
          കഥയിലെ നായകനായ ഗീവർഗീസച്ചൻ ഒരു സാധു പെൺകുട്ടിയെ ഒരു മുഠാളനി ൽ നിന്ന് കായികമായി രക്ഷിച്ച് സംരക്ഷിക്കുന്നതാണ് ഹിഗ്വിറ്റയിലെ കഥാതന്തു. ഗീവർഗീസച്ചൻ അധ്യാപകനായ പി.ടി മാഷിന്റെ മകനായിരുന്നു.പി .ടി മാഷ് മകനെ സ്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ ഫുട്ബോൾ കളിക്കുവേണ്ട പ്രോത്സാഹനം നൽകി.പള്ളിക്കൂടത്തിലും പുൽമൈതാനങ്ങളിലും വെറും കാലിൽ കളിച്ച് ഗീവർഗീസ് പതുക്കെ താരമായി . വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു ഫുട്ബോളുമായി ഗീവർഗീസിന് ഉണ്ടായിരുന്നത്. അച്ഛന്റെ മരണശേഷമാണ് ഗീവർഗീസ് ഫുട്ബോളുപേക്ഷിക്കുന്നതും ദൈവവിളി സ്വീകരിച്ച് അച്ചനായി ദക്ഷിണ ദൽഹിയിലെ ഒരു പള്ളിയിൽ വികാരിയായി എത്തുന്നതും. ഏതാനും ചില ആദിവാസി പെൺകുട്ടികളാണ് അവിടെ പ്രാർത്ഥനക്ക് എത്താറുള്ള വിശ്വാസികൾ. അതിൽ ഒരു ആദിവാസി പെൺകുട്ടിയാണ് ലൂസി മരണ്ടി. ജബ്ബാർ എന്ന ഒരു ഇടനിലക്കാരനാണ് അവൾക്ക് അവിടെ വീട്ടുജോലി വാങ്ങി നൽകിയത്. അവന് പക്ഷെ അവളെ വിറ്റ് കാശുണ്ടാക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നു. അവനിൽ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അവൾ പലപ്പോഴും അച്ചനെ കാണാൻ വരാറുണ്ട്. ഒരിക്കൽ ലൂസി ജബ്ബാറിൽ നിന്നും രക്ഷപ്പെട്ട് രഹസ്യമായി മറ്റൊരിടത്ത് ജോലി തേടിയെങ്കിലും അയാൾ അവിടെയുമെത്തി അവളെ ശല്യപ്പെടുത്താൻ തുടങ്ങി. പലപ്പോഴും ഒരു സാധാരണ ഗോളിയെപ്പോലെ ഈ കളികളിൽ ദൃക്സാക്ഷിയായി നിന്ന ഗീവർഗീസച്ചൻ ഹിഗ്വിറ്റ യുടെ കളി കണ്ടതോടെ കളത്തിന്റേ മുന്നിലേയ്ക്കിറങ്ങി പ്രതികരിക്കാൻ തീരുമാനിച്ചു. ലൂസിയെ ആക്രമിക്കാൻ ശ്രമിച്ച ജബ്ബാറിനെ ഹിഗ്വിറ്റയെന്ന ഗോളി പന്തടിക്കുന്നതു പോലെ അടിച്ചുവീഴ്ത്തി അവളെ രക്ഷപ്പെടുത്തി. അവളെ അവൾ നിന്നിരുന്ന വീട്ടിൽ എത്തിച്ച് ശാന്തനായി മടങ്ങുകയും ചെയ്തു.
        കലാകൗശലത്തിന്റെ സമഗ്രമായ വിജയമാണ് ഹിഗ്വിറ്റയെ (ശദ്ധേയമാക്കുന്നത്. തന്നെ ആശ്രയിക്കുന്ന നിരാംലബയായ ഒരു പെൺകുട്ടിയെ രക്ഷിക്കുവാൻ തനിയ്ക്ക് ഹിതകരമായ മാർഗ്ഗങ്ങൾ വിഫലമാണെന്നറിയുമ്പോൾ ഹിംസാത്മകമായ മാർഗ്ഗം സ്വീകരിക്കുന്ന പാതിരി .അച്ചന്റെ മനസ്സിൽ ആശങ്ക മാറി ചടുലമായ തീരുമാനത്തിലും അതിന്റെ ആവേശമാർന്ന നിർവ്വഹണത്തിലുമെത്തിച്ചേരുന്നത് മിന്നൽ വേഗത്തിൽ ഗോൾ കൊയ്യുന്ന ഹിഗ്വിറ്റ എന്ന ഗോളിയുടെ ആക്ഷനും രണ്ടിന്റേയും സമന്യയം സവിശേഷമായ ഒരു ആവിഷ്ക്കാര ചാരുത ഈ കഥയ്ക്ക് നൽകുന്നു.

No comments:

Post a Comment