'മുക്കം നദിയിൽ മുങ്ങിയവനെത്തേടി'
കാഞ്ചനയ്ക്ക്, ജലം കൊണ്ട് ശരീരത്തിനല്ല മനസ്സിനാണ് മുറിവേറ്റത്. ആ മുറിവ് ഭേദപ്പെടാനാകാത്തവിധം ആഴത്തിലുള്ളതും..
മൊയ്തീൻ എന്ന ഓർമയുടെ അരികിൽ സ്വന്തം ഹൃദയം തന്നെ സമർപ്പിച്ച കാഞ്ചനയുടെ മഹാത്യാഗത്തിന്റെ കഥയാണ് ജലം കൊണ്ട് മുറിവേറ്റവളിലൂടെ
R. S വിമൽ പറയുന്നത്. കേട്ടാൽ സിനിമ കഥ പോലുള്ളതുകൊണ്ടാകാം വിമൽ ഈ ഡോകുമെന്ററിയെ 'എന്നു നിന്റെ മൊയ്തീൻ ' എന്ന പേരിൽ ബിഗ് സ്ക്രീനിൽ എത്തിച്ചു.
ഇരുവഴിഞ്ഞിപ്പുഴയെ സ്നേഹിക്കുന്ന , അതിന്റെ ആഴങ്ങളിലേക്ക് നോക്കി നിൽക്കുന്ന കാഞ്ചനയിൽ നിന്നാണ് ജലം കൊണ്ട് മുറിവേറ്റവൾ ആരംഭിക്കുന്നത്. ആരാണ് കാഞ്ചന..? ഇരുവഴിഞ്ഞിയും കാഞ്ചനയും തമ്മിൽ എന്താണ് ബന്ധം..? ഇരുവഴിഞ്ഞി പുഴയിൽ പെയ്തിറങ്ങുന്ന മഴ എങ്ങനെയാണ് കാഞ്ചനയുടെ കണ്ണീരിന്റെ ചാറ്റൽ മഴയാകുന്നത്...? ഈ ചോദ്യങ്ങൾ പ്രേക്ഷകനെ കൂടുതൽ ആകാംക്ഷയിൽ എത്തിക്കുന്നു. അനശ്വരമായ ഒരു പ്രണയത്തിന്റെ കഥയാണ് കാഞ്ചനയിൽ നിന്നും കേൾക്കാൻ കഴിയുന്നത്.
സുഹൃത്തുക്കളായ ഉള്ളാട്ടിൽ ഉണ്ണിമൊയ്തീന്റെ മകൻ B.P മൊയ്തീനും കൊറ്റങ്ങൽ അച്യുതന്റെ ആറാമത്തെ മകൾ കാഞ്ചനയും കോഴിക്കോട് മുക്കം ഗ്രാമത്തിലെ പ്രതാപികളായ രണ്ട് കുടുംബങ്ങളിലെ അംഗങ്ങളാണ്. 2 കുടുംബങ്ങളുടെ സൗഹൃദം രണ്ട് ഹൃദയങ്ങളിലെ പ്രണയത്തെ വളർത്തി. 2 മതങ്ങളിലുള്ളവർ പ്രണയിച്ചാലുള്ള പൊട്ടിത്തെറികൾ തങ്ങളുടെ ജീവിതത്തിലുമുണ്ടായെന്നു കാഞ്ചന സാക്ഷ്യപ്പെടുത്തുന്നു. പുസ്തകങ്ങൾ വഴി പ്രണയം കൈമാറിയിരുന്ന മൊയ്തീനും കാഞ്ചനയും ഒരു പ്രണയ ഭാഷ തന്നെ മെനഞ്ഞെടുത്തു. കത്തുകൾ പിടിക്കപ്പെട്ട് കാഞ്ചന 25 വർഷത്തോളം വീട്ടുതടങ്കലിലായി. പല വിവാഹാലോചനകൾ വന്നെങ്കിലും മൊയ്തീനോടുള്ള പ്രണയം അങ്ങേയറ്റം തീവ്രതയുള്ളതായിരുന്നു. എതിർപ്പുകൾ ധാരാളമായപ്പോൾ അവരത് വെല്ലുവിളിയായി ഏറ്റെടുക്കുകയാണ് ചെയ്തത്.
'ജലം കൊണ്ട് മുറിവേറ്റവളി'ൽ കാഞ്ചന-മൊയ്തീൻ പ്രണയകഥ വിവരിക്കുന്നത് കാഞ്ചനയും മൊയ്തീന്റെ സഹോദരൻ B.P റഷീദും മൊയ്തീന്റെ അമ്മാവന്റെ മകൾ ജലീലയും അധ്യാപകനായ മുക്കം ഭാസിയും കൂടിയാണ്. മൊയ്തീന്റെ ഭാര്യയായി തന്നെയാണ് കാഞ്ചനേടത്തിയെ റഷീദ് കാണുന്നത്. റഷീദിന്റെ വാക്കുകളിൽ കാഞ്ചന സ്നേഹത്തിന്റെ പര്യായമാണ്.
25 വർഷത്തെ വീട്ടുതടങ്കലിനിടയിലെ പത്താം വർഷം ഒരു നവംബർ 23ന് കാഞ്ചനയും മൊയ്തീനും കണ്ടുമുട്ടുകയും ദീർഘനേരം സംസാരിക്കുകയും ചെയ്തു. 'ഞങ്ങളുടെ മൗനം വീണുടഞ്ഞ നിമിഷമായിരുന്നു അത്'എന്നാണ് കാഞ്ചന പറയുന്നത്. ഒന്നിച്ചു ജീവിക്കാൻ പല തവണ തുനിഞ്ഞിറങ്ങിയെങ്കിലും വിധി അനുകൂലിച്ചില്ല. സഹോദരിമാരുടെ നല്ല ഭാവിയെക്കരുത്തി കാഞ്ചന തന്റെ ആഗ്രഹത്തെ മൂടിവെയ്ക്കുകയായിരുന്നു.
വാശിക്കാരനായ ബാപ്പയുടെ അതേ വാശി തന്നെയാണ് തന്റെ ജ്യേഷ്ഠനുമെന്ന് റഷീദ് പറയുന്നു. മകന്റെ വാശി അധികമായപ്പോൾ ആ ബാപ്പ മകനെ കുത്തിയ ചരിത്രംവരെയുണ്ടായി. പൊലീസിന് മുന്നിൽ കീഴടങ്ങിയ ബാപ്പയെ മൊയ്‌ദീൻ വിധിക്കു വിട്ടുകൊടുത്തില്ല. വീണപ്പോൾ പറ്റിയ മുറിവാണ് അതെന്ന് അയാൾ കോടതിയിൽ വാദിച്ചു.
1982 ജൂലൈ15 ലെ പെരുമഴയാണ് മൊയ്തീന്റെ ജീവനെടുത്തത്. ഈ കഥ വിവരിക്കുന്നത് മുക്കം ഭാസിയാണ്. അയാൾ അന്ന് മണ്ണാശ്ശേരി സ്‌കൂൾ അധ്യാപകനായിരുന്നു. തെയ്യത്തും കടവിൽ നിന്ന് 15 പേർക്ക് മാത്രം യാത്ര സൗകര്യമുള്ള തോണിയിൽ മുപ്പതോളം പേർ കയറുകയും തോണി മറിയുകയും ചെയ്യുന്നു. ഒരുപാടുപേരുടെ ജീവൻ രക്ഷിച്ച മൊയ്തീൻ ഒടുവിൽ ചുഴിയിൽ പെട്ട് മരിക്കുന്നു. ആ അപകടത്തിൽ 3 പേര് മരിച്ചു. മൊയ്തീന്റെ മരണത്തിൽ മാനസികനില തെറ്റിയ കാഞ്ചന പല തവണ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും പരാജിതയായി. ഒടുവിൽ മൊയ്തീന്റെ വിധവയായി മൊയ്തീന്റെ ഉമ്മയുടെ കൈപിടിച്ച് അവൾ ജീവിതത്തിലേക്ക് നടന്നു കയറി. മൊയ്തീന്റെ ഓർമകളിലൂടെ സാമൂഹ്യ നന്മയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളായിരുന്നു പിന്നീടുള്ള കാഞ്ചനയുടെ ജീവിതം.
ഇരുവഴിഞ്ഞി പുഴ തട്ടിയെടുത്ത തന്റെ സ്നേഹത്തെ ഇന്നും കാഞ്ചന മുറുകെ പിടിച്ചിരിക്കുന്നു. മഴ നനഞ്ഞു കൊണ്ട് നദിയോട് പരാതി പറയുന്ന കാഞ്ചനയെ തന്നെയാണ് തുടക്കം മുതൽ ഒടുക്കം വരെയും ഈ ഡോകുമെന്ററിയിൽ കാണാൻ കഴിയുന്നത്. മഴയുടെ സൗന്ദര്യത്തെ അപ്പാടെ പ്രേക്ഷകരിലെത്തിക്കാൻ സംവിധായകന് സാധിച്ചു.
No comments:
Post a Comment