Tuesday, 15 August 2017

റേഡിയോ നാടകം.- സമയം

രംഗം 1

(ഒരു മുറിയിൽ നടക്കുന്ന സംഭാഷണം)
(അച്ഛൻ , അമ്മ , മകൾ)

(ക്ലോക്കിന്റെ ശബ്ദം. കൃത്യമായി കെട്ടുകൊണ്ടിരുന്നിട്ട് ഒടുവിൽ അത് നിലയ്ക്കുന്നു. )

മകൾ :   ഹോ... ഇത് വീണ്ടും നിന്നോ..       എത്രാമത്തെ തവണയാ ഞാനിത് ശരിയാക്കുന്നതെന്ന് അച്ഛനറിയോ. ഇനീം കൊണ്ട് ചെന്നാൽ ആ കടക്കാരൻ എന്നെ ചീത്ത വിളിക്കും. അച്ഛനീ ക്ലോക്കൊന്നു മാറ്റിക്കൂടെ..?

അച്ഛൻ :   (ചുമയ്ക്കുന്നു) നിനക്കത് പറയാം എന്റെ ചിട്ടവട്ടങ്ങളെ നിയന്ത്രിക്കുന്ന താളമാണത്. അത് നിലച്ചാൽ ഞാനുമില്ല..

മകൾ  :   (അമ്മയോട്) ഈ അച്ഛനെന്താമ്മേ ഇങ്ങനൊക്കെ സംസാരിക്കുന്നത്.

അമ്മ  :   ഓ.. അതിപ്പോ ആദ്യായിട്ടൊന്നുമല്ലല്ലോ ..ആ ക്ലോക്ക് എന്നൊക്കെ ചത്തിട്ടുണ്ടോ അന്നോക്കെ ഇതുതന്നെയാണല്ലോ പാരായണം.

അച്ഛൻ : ഹാ ..(വിഷമത്തോടെ ) എന്റെ താളവും നിൽക്കാറായി.

മകൾ   :  ഇനി അതിൽ പിടിച്ച് തൂങ്ങണ്ട. അച്ഛന്റെ ചിട്ടവട്ടങ്ങളൊന്നും ഞാനായിട്ട് തെറ്റിക്കുന്നില്ല. ഇന്ന് തന്നെ ഇത് കടയിൽ കൊടുത്തേക്കാം. പോരേ..?

അച്ഛൻ  : (മൂളുന്നു)

മകൾ     :  അമ്മയാ ക്ലോക്കിങ്ങ് എടുത്തേ. ഓഫീസിൽ പോണ വഴി കടയിൽ കൊടുത്തേക്കാം.

അമ്മ     :  ആ..

മകൾ.    :  ( നടന്നു പോകുന്നു. കാലടികളുടെ ശബ്‌ദം)


രംഗം 2



(വാഹനങ്ങൾ കടന്നു പോകുന്നതിന്റെ ശബ്ദം. ഹോണടി ശബ്ദം.)
(കാലടികളുടെ ശബ്ദം)

മകൾ     : (കുറച്ച് ഉറക്കെ) ഇവിടെ ആരുല്ലേ.. ആന്റപ്പേട്ടാ..

ആന്റപ്പൻ : ആരാ..?

മകൾ     : ഞാനാ ആന്റപ്പേട്ടാ

ആന്റപ്പൻ : ആ.. മോളോ ..എന്താ മോളേ.?

മകൾ    : ഈ ക്ലോക്ക്..

ആന്റപ്പൻ :  (നിരാശയോടെ) എന്റെ മോളെ, നീയല്ലാണ്ട് ഈ ജാമ്പവാന്റെ ക്ലോക്കും കെട്ടിച്ചുമന്നോണ്ട് നടക്കോ..? അതിനാണെങ്കിൽ എപ്പഴും ഒരൂട്ടം വയ്യായ്ക തന്നെ. ഇതിമ്മേ പണിത് സത്യായിട്ടും ആന്റപ്പന്റെ കൈകഴച്ചിരിക്കുന്നു. ഏതാണ്ട് മുജ്ജന്മ മാരണം പോലെ ഇത് ആന്റപ്പന്റെ പുറകെ അങ്ങനെ വിടാതെ കൂടണ പോലെ. സത്യത്തില് ഇത് കാണുമ്പഴേ ആന്റപ്പന് പേടിയായി വരുവാണ്‌. എന്നേം കൊണ്ടേ ഇത് പോവുള്ളൂന്ന് തോന്നിതുടങ്ങിയിരിക്കുന്നു.

മകൾ   : ആന്റപ്പേട്ടൻ അങ്ങനെ പറയരുത്. ഈ ക്ലോക്കും അച്ഛനുമായിട്ടുള്ള അടുപ്പം പറഞ്ഞാൽ ആന്റപ്പേട്ടന് മനസ്സിലാകില്ല.

ആന്റപ്പൻ : എന്തൂട്ട് അടുപ്പായാലും അതിനെ കാണുമ്പഴേ ആന്റപ്പന് എന്തോ വല്ലാത്തൊരു ഇത്.

മകൾ   :   പ്ലീസ് ആന്റപ്പേട്ടാ ഇത്തവണത്തേക്കും കൂടി. എനിക്ക് ഇപ്പൊ തന്നെ ഓഫീസിൽ പോകാൻ വൈകി. ഞാൻ നാളെ വന്ന് വാങ്ങിക്കോളാ

ആന്റപ്പൻ  :  മ്.. (മൂളുന്നു) ഇത്തവണത്തേക്കും കൂടി

മകൾ   : താങ്ക് യൂ ആന്റപ്പേട്ടാ.. ഞാൻ പോകുവാണേ..

(വേഗത്തിൽ നടക്കുന്ന കാലടികളുടെ ശബ്ദം. വാഹനങ്ങളുടെ ശബ്ദം)


രംഗം 3



(കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്ന ശബ്ദം)
(വാതിലിൽ മുട്ടു കേൾക്കുന്നു)

അമ്മ   :  മോളേ ഈ വാതിലടച്ചിരുന്നു നീ അവിടെ എന്തെടുക്കുവാ. ഓഫീസീന്നു വന്നിട്ട് നീ ചായപോലും കുടിച്ചില്ലല്ലോ..

മകൾ   :  എന്റമ്മേ എനിക്കിവിടെ ഒത്തിരി പണിയുണ്ട്.

(ടൈപ്പ് ചെയ്യുന്ന ശബ്ദം)

അമ്മ   :  നീ അച്ഛന്റെ ക്ലോക്ക് വാങ്ങിയായിരുന്നോ..?

മകൾ    :    ഇല്ലാ...

അമ്മ     :   അതെന്താ..? ക്ലോക്കു കാണാതെ ഇവിടൊരാൾക്ക് ഊണും ഉറക്കോം കാണില്ലെന്ന് നിനക്കറിഞ്ഞൂടെ..?

മകൾ    :(ദേഷ്യത്തിൽ)  ഞാൻ മറന്നിട്ടില്ലമ്മേ..നാളെ വാങ്ങിക്കൊണ്ട് വരാം.

(ആത്മഗതം) മനുഷ്യനിവിടെ തല പോണ കേസുകളാ. അതിനിടയ്ക്കാ ഒരു പരട്ട ക്ലോക്ക്..
(ടൈപ്പ് ചെയ്യുന്ന ശബ്‌ദം)


രംഗം 4



(വാഹനങ്ങളുടെ ശബ്‌ദം, കാലടികളുടെ ശബ്ദം)

മകൾ   :  ആന്റപ്പേട്ടാ ക്ലോക്ക് ശര്യായോ..?

ആന്റപ്പൻ  :  ആ.. മോള് വന്നോ .. സാധാരണ രാവിലെ കൊണ്ടുവന്നാൽ വൈകിട്ട് വാങ്ങിക്കൊണ്ട് പോണല്ലേ, ഇതീപ്പൊ ഒരീസം കഴിഞ്ഞല്ലോ.. ഞാൻ കരുതി മറന്നു കാണുമെന്ന്.

മകൾ   :  കൊള്ളാം ..ഇതിന്റെ കാര്യം അങ്ങനെ മറന്നിട്ട് വീട്ടിൽ ചെന്ന് കേറാൻ പറ്റോ എനിക്ക്. ഓഫീസിൽ നല്ല പണിയുണ്ട്. ഇന്നിപ്പോ 5 മണിക്ക് ഇറങ്ങാൻ പറ്റുംന്ന് വിചാരിച്ചില്ല. എവിടെ..? സാധനം കാണട്ടെ

(ക്ലോക്കെടുത്ത് മേശപ്പുറത്ത് വെയ്ക്കുന്ന ശബ്‌ദം. ക്ലോക്കിന്റെ സൂചികൾ അനങ്ങുന്നതിന്റെ ശബ്ദം.)

മകൾ   :  ഹോ ..ഇന്നിപ്പോ സമാധാനമായിട്ട് വീട്ടിൽ ചെന്ന് കയറാം. എത്രയായി ..?

ആന്റപ്പൻ  :  അൻപത്

(പേഴ്സ് തുറക്കുന്ന ശബ്ദം)

മകൾ   :  ദാ ...

ആന്റപ്പൻ  :  ഇനി ഇതും കൊണ്ട് ഇങ്ങട്ട് വരണ്ടാട്ടാ.. ഞാൻ നിർത്തി.



രംഗം 5




(ഓട്ടോറിക്ഷ വന്നു നിൽക്കുന്നതിന്റെ ശബ്ദം)

മകൾ   :   എത്രയായി..?

ഓട്ടോറിക്ഷക്കാരൻ  :  മുപ്പത്

മകൾ    :  ഇതാ...

(ഓട്ടോ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം. ഓടിച്ചു പോകുന്ന ശബ്ദം. കാലടികളുടെ ശബ്ദം.)

മകൾ    :  അച്ഛാ ...

അച്ഛൻ   :  ആ ..മോളു വന്നോ ... ഇന്നെന്താ ഇത്ര വൈകിയേ.. ?

മകൾ     :  വൈകിയോ..? എന്നും വരുന്ന നേരംല്ലേ ആയുള്ളൂ..

അച്ഛൻ   : (നിരാശയോടെ) ഞാൻ കരുതി..

( അൽപ്പം നിർത്തിയിട്ട്)
                സമയക്കണക്കൊന്നും ശരിയല്ല

മകൾ     : അച്ഛന്റെ കണക്കൊന്നും തെറ്റണ്ട.

(ബാഗ് തുറക്കുന്ന ശബ്‌ദം. ക്ലോക്കിന്റെ സൂചി അനങ്ങുന്നതിന്റെ ശബ്ദം)

മകൾ     :   സന്തോഷായോ...?

അച്ഛൻ    : (മൂളുന്നു)

മകൾ      : അമ്മയെവിടെപ്പോയി..?

അച്ഛൻ    :  അടുക്കളേക്കാണും.

(മകൾ നടന്നു പോകുന്നു. കാലടി ശബ്ദം.
ക്ലോക്കിന്റെ സൂചികൾ അനങ്ങുന്നതിന്റെ ശബ്ദം.)



രംഗം 6




(അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന ശബ്ദം )
(വെള്ളമൊഴിച്ച് കഴുകുന്നതും അടുക്കി വെയ്ക്കുന്നതുമായ ശബ്ദങ്ങൾ)

മകൾ   :   അമ്മേ...

അമ്മ    :   വന്നോ...ഇപ്പൊ ചായ കുടിക്കുന്നോ...?

മകൾ    :  ആ

(വീണ്ടും പാത്രങ്ങൾ എടുക്കുന്ന ശബ്ദം. ചായ ഒഴിക്കുന്ന ശബ്ദം)
(ചായ മേശപ്പുറത്ത് കൊണ്ടു വെയ്ക്കുന്ന ശബ്ദം)

അമ്മ   : ദാ ... നീ അച്ഛന്റെ ക്ലോക്ക് വാങ്ങിക്കൊണ്ട് വന്നോ...?

മകൾ   :  വാങ്ങി. അച്ഛന്റെൽ കൊടുക്കേം ചെയ്തു. ഇനി ചീത്തയായാൽ അങ്ങോട്ടു കൊണ്ടു ചെല്ലണ്ടാന്നാ ആന്റപ്പേട്ടൻ പറഞ്ഞത്‌.

അമ്മ    :  അയാൾക്കും മടുത്തുകാണും. ഇതിപ്പോ കുറെ ആയല്ലോ...
ചായ ആറണ്ട നീയതെടുത്തു കുടിയ്ക്ക്.

(ചായ ഊതിക്കുടിക്കുന്നതിന്റെ ശബ്ദം)



രംഗം 7



(ആത്മഗതം)  ഈശ്വരാ മണി 9 ആയി ഇന്നും ഞാൻ ലേറ്റ് ആകും .
(പേപ്പറുകൾ എടുക്കുകയും ,അടുക്കി വെയ്ക്കുകയും ചെയ്യുന്ന ശബ്ദം)
(ബാഗ് അടയ്ക്കുന്ന ശബ്ദം)
(വേഗത്തിൽ നടക്കുന്ന ശബ്ദം)

മകൾ   :  (ധൃതിയിൽ)  അമ്മേ.... ഞാൻ ഇറങ്ങുകയാണ്

അമ്മ    :  ആ..

(നടക്കുന്ന ശബ്ദം)

മകൾ    :   അച്ഛാ...

അച്ഛൻ    :ആ ... നീ ഇറങ്ങിയോ..? സമയമെത്രയായി...?

മകൾ     :   9 കഴിഞ്ഞു.

അച്ഛൻ   :   ഇരുട്ടായപോലെ.

മകൾ.     : അത് അച്ഛനീ മുറീത്തന്നെ ഇരിക്കണോണ്ട ...ജനലുകളെല്ലാം തുറന്നിടട്ടെ...?

അച്ഛൻ    :  വേണ്ട...  നല്ല തണുപ്പുണ്ട്...

മകൾ      :  അല്ലാ ...(കുറച്ചു സമയം നിശബ്ദയായിട്ട്, സംശയത്തോടെ)      അച്ഛന്റെ ക്ലോക്കെവിടെ

അച്ഛൻ     :   നിന്നു

മകൾ.      :  പിന്നേം... (ദേഷ്യത്തിൽ) എനിക്കിനി അതിന്റെ പിറകെ നടക്കാൻ വയ്യ. ഞാൻ പോണു..

(ധൃതിയിൽ നടക്കുന്ന കാലടികളുടെ ശബ്ദം)



രംഗം 8




(കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്ന ശബ്ദം).
(കതകു തുറന്ന് നടന്നടുക്കുന്ന ശബ്ദം)
(ഗ്ലാസ് മേശപ്പുറത്ത് വെയ്ക്കുന്ന ശബ്ദം)
(ടൈപ്പ് ചെയ്യുന്ന ശബ്ദം)

അമ്മ    :   ചായ കുടിയ്ക്ക്..

(ടൈപ്പ് ചെയ്യുന്ന ശബ്ദം) (നിശബ്ദത)

മകൾ    :  മ്.. എന്താ ഒരു മൗനം..?

അമ്മ     :  നീ രാവിലെ അച്ഛനോട് ദേഷ്യപ്പെട്ടോ..?

മകൾ.    :  അച്ഛനോടൊ.. ഞാനോ... എന്തിന് ..?

(ടൈപ്പ് ചെയ്യുന്ന ശബ്ദം)

അമ്മ     :  ക്ലോക്കിന്റെ കാര്യം പറഞ്ഞപ്പോൾ നീ ദേഷ്യപ്പെട്ടൂന്ന് പറയണ കേട്ടു.

മകൾ     :  പിന്നെന്താമ്മേ ഇതെത്രാമത്തെ തവണയാ. പുതിയത് വാങ്ങി കൊടുക്കാന്ന്‌ ഞാൻ പറഞ്ഞതല്ലേ.

അമ്മ     :  നിനക്കറിഞ്ഞൂടെ അച്ഛന്റെ സ്വഭാവം. അതിന്റെ താളത്തിനനുസരിച്ചാ ആ മനുഷ്യന്റെ ഓരോ ചലനവും. അച്ഛന് നല്ല സങ്കടായി...

മകൾ    :  മ്  .... അച്ഛനെവിടെപ്പോയി..?

അമ്മ     :   കിടക്കുവാ

മകൾ     :  ഞാനീ വർക് തീർത്തിട്ട് അച്ഛന്റെ അടുത്തേക്ക് പൊക്കോളം

അമ്മ     :   മ്...

(ടൈപ്പ് ചെയ്യുന്ന ശബ്ദം)



രംഗം 9




(കതക് തുറക്കുന്ന ശബ്ദം)

മകൾ   :   അച്ഛൻ ഉറങ്ങുകയാണോ. ?

അച്ഛൻ   : (ക്ഷീണിച്ച സ്വരത്തിൽ)   ഏയ് ഇല്ല...

മകൾ     :   അച്ഛനെന്തുപറ്റി..?

അച്ഛൻ   :   ഒന്നുല്ല മോളെ... ചെറിയൊരു വയ്യായ്ക.

മകൾ     :  ഹോസ്പിറ്റലിൽ പോണോ..?

അച്ഛൻ    :   വേണ്ട

മകൾ     :  ക്ലോക്ക് ഞാൻ നാളെ കൊണ്ട് കൊടുക്കാം.

അച്ഛൻ   :   വേണ്ട മോളെ... അതിനി നന്നാക്കണ്ട.. ശരിയാവില്ല..

മകൾ     :   ഒരിക്കൽ കൂടി കൊടുത്തു നോക്കാം അച്ഛാ...

അച്ഛൻ.  : മ് ....

മകൾ     :  അച്ഛൻ കിടന്നോ....

അച്ഛൻ    :മ്  ...പോകുമ്പോ ആ കതകങ്ങു ചാരിയേക്ക്...

(കാലടികളുടെ ശബ്ദം.
കതക് അടയ്ക്കുന്നതിന്റെ ശബ്ദം)




രംഗം10




മകൾ   :  അമ്മേ ഞാൻ ഇറങ്ങാണ്...

(കാലടികളുടെ ശബ്ദം)
(കതക് തുറക്കുന്ന ശബ്ദം)

അച്ഛാ... ഞാൻ ക്ലോക്ക് എടുക്കാണേ

അച്ഛൻ    :  എന്റെ കാലം വരെയെങ്കിലും ഈ ക്ലോക്കിന്‌ ആയുസ്സ് തരണേയെന്ന് അയാളോട് അപേക്ഷിക്യാ. ഒരു നിമിഷം കൂടി കൂടുതൽ വേണ്ടാന്ന് പറയ്യാ. ഞാൻ തീരണതും ക്ലോക്ക് നിക്കണതും ഒപ്പം തന്നെ ആയിക്കോട്ടെ. അയാളും ഒരു ബ്രഹ്മാവണല്ലോ. അയാള് നിരീച്ചാ ഒരു വഴി കാണാണ്ടിരിക്കോ

മകൾ   :   ഞാൻ പറഞ്ഞുനോക്കാം. ശരിയാവോന്നു അറിയില്ല.

അച്ഛൻ. :  ശരിയാകും.. ശരിയാകാതിരിക്കില്ല. ഈ ക്ലോക്ക് നിൽക്കുമ്പോഴൊക്കെ ഞാനും ഏതാണ്ട് മരിക്യാന്നു അയാളോട് പറഞ്ഞോളൂ.

(കുറച്ചു നിമിഷത്തേക്ക് മൗനം)

മോളു പൊയ്ക്കോളൂ ... കതക് ചാരാൻ മറക്കണ്ട

(കാലടികളുടെ ശബ്ദം. കതക് അടയ്ക്കുന്ന ശബ്ദം)




രംഗം 11




(വാഹനങ്ങളുടെ ശബ്ദം)
(നടക്കുന്നതിന്റെ ശബ്ദം)

മകൾ    :   ആന്റപ്പേട്ടാ...

ആന്റപ്പൻ   :   ആ... പിന്നേം ആ മാരണോം കൊണ്ടാണോ വരവ്..?

മകൾ     :  അത് പിന്നേം നിന്നു

ആന്റപ്പൻ   : (ദേഷ്യത്തിൽ) എനിക്കിനി വയ്യ

(നിശബ്ദത)

മകൾ    :  നോക്ക് ആന്റപ്പേട്ടാ .. അച്ഛന്റെ കാര്യം ആന്റപ്പേട്ടന് അറിയാല്ലോ. ഇക്കുറി കൂടി ഒന്നു സഹായിക്ക് ഇതോടെ മതിയാകും.

ആന്റപ്പൻ  :  (ദേഷ്യത്തിൽ) ഇല്ലില്ല ...കഴിഞ്ഞ തവണയും മോള് ഇതു തന്നല്ലേ പറഞ്ഞത്..?

മകൾ   :  അതൊക്കെ ശര്യാണ്. ആന്റപ്പേട്ടൻ ബ്രഹ്മാവാണെന്നാ അച്ഛൻ പറഞ്ഞത്.

ആന്റപ്പൻ   :  ആന്റപ്പൻ ബ്രഹ്മാവല്ല,  ഒരു ഒറ്റുമാവ് പോലുമല്ല .. എന്തായാലും ഇപ്പണി ഇനി ആന്റപ്പനെക്കൊണ്ട് വയ്യ. ആസ്‌പത്രീന്ന്  ഡോക്ടർമാര് ചില കേസൊക്കെ മടക്കില്ലേ.. ഇതും അതുപോലത്തെ ഒരു കേസന്ന്യാന്നു കരുതിയാൽ മതി.

മകൾ   :  ആന്റപ്പേട്ടാ പ്ളീസ്.... ഇനി ഞാൻ വരില്ല.. ഉറപ്പ്... ആന്റപ്പേട്ടനല്ലാതെ ഇതാരും നന്നാക്കി തരില്ല.

ആന്റപ്പൻ   : (ദേഷ്യത്തിൽ) മോള്‌പൊക്കോ,  ഇല്ലേൽ ഞാനിവിടുന്നു ഇറങ്ങും

(നിശബ്ദത)

(നടന്നു പോകുന്ന കാലടികളുടെ ശബ്ദം)



രംഗം12




(കതക് തുറക്കുന്ന ശബ്ദം)

മകൾ    :   അച്ഛാ ...

അച്ഛൻ   :   നീ വന്നോ... മണിയെത്രയായി..?

മകൾ    :   അഞ്ചര

അച്ഛൻ.  :  ക്ലോക്ക് കൊടുത്തോ..?

മകൾ    : (നിരാശയോടെ) കൊടുത്തു.. എടുത്തില്ല.. പറ്റില്ലാന്ന് പറഞ്ഞു.

അച്ഛൻ   : (നിരാശയോടെ) ആന്റപ്പനും മടുത്തു അല്ലേ...?

മകൾ    :  ആ ...

അച്ഛൻ   :  ശര്യാണ്... ഒരൂസം എല്ലാരും മടുക്കുംന്ന് ഞാൻ ഓർക്കേണ്ടതായിരുന്നു.

മകൾ     :  സാരല്യാച്ഛാ.. പുതിയൊരെണ്ണം മേടിക്കാം. ഒരു ക്വർട്‌സ്. അടിക്കണ തരംണ്ട്.
സമയോം കണിശായിരിക്കും.

അച്ഛൻ   :   വേണ്ട

മകൾ     :   എന്തേ...?

അച്ഛൻ    :   വേണ്ട അത്രന്നെ..

മകൾ      :  അപ്പൊ സമയം അറിയാനോ.?

അച്ഛൻ    :  അറിയണ്ടാന്ന് വെച്ചാ പോരെ

മകൾ       :   അച്ഛനെന്താ ഈ ചെറിയ കുട്ട്യോളപ്പോലെ..

അച്ഛൻ     :    ഞാനിപ്പോളൊരു ചെറിയ കുട്ടിയല്ലേ..?
രണ്ടാം ബാല്യമല്ലേ ഇത്..

(നിശബ്ദത)

(പെട്ടെന്ന് ക്ലോക്കിന്റെ സൂചികൾ ചലിക്കുന്ന ശബ്ദം)

മകൾ   : (ആകാംക്ഷയോടെ) അച്ഛാ... ദേ അത് ഓടിത്തുടങ്ങി.

അച്ഛൻ    :  (നിരാശയോടെ)  മ് .... അധികം ഉണ്ടാവില്ല.. കഴിയാറായി.. ഇതും കൂടിയേ ഉള്ളൂ...

(ക്ലോക്കിന്റെ ശബ്ദം കേട്ടുകൊണ്ടിരിക്കുന്നു)

No comments:

Post a Comment