Thursday, 31 August 2017

കവിതാ പഠനം

ആശാന്റെ ജീവിതദർശനം- വീണപൂവിൽ



ഭാരതത്തിന്റെ പൗരാണിക സംസ്കാരത്തിൽ അടിയുറച്ചതാണ് ആശാന്റെ ജീവിതദർശനം. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യത്വം, കാവ്യ ശാസ്ത്രങ്ങളിൽ നിന്നു നേടിയ പരിജ്ഞാനം, വിപുലമായ ലോകപരിചയം, ഇതിൽ നിന്നെല്ലാം രൂപം കൊണ്ടതായിരുന്നു അത്. ശ്രീഭൂവിലസ്ഥിര എന്ന് കാവ്യാരംഭത്തിലും അവനി വാഴ്‌വ്‌കിനാവെന്ന് കാവ്യാവസാനത്തിലും പ്രസ്താവിക്കുന്നതിൽ തന്നെ കവിയുടെ ദർശനങ്ങളുടെ സാരാംശമടങ്ങിയിരിക്കുന്നു.

അധികതുംഗപദത്തിൽ ഒരു റാണിയെപ്പോലെ ശോഭിച്ച പൂവിന് അകാലത്തിൽ സംഭവിച്ച പതനമാണ് വീണപൂവിലെ പ്രതിപാദ്യം. പൂവിന്റെ ജീവിതം കണ്ടറിഞ്ഞ് മർത്യ ജീവിതത്തിലെ   ശോകമുദ്രത്തിൽ ആണ്ടുപോയ കവിയെ തത്വചിന്തയുടെ കരംപിടിച്ച് കരകയറാൻ പ്രേരിപ്പിച്ചത് ദാർശനിക ചിന്തയാണ്. പൂവിന്റെ ബാല്യവും കൗമാരവും യൗവനവും സൗഭാഗ്യകരമായിരുന്നു. യൗവനത്തിൽ വന്നു തികഞ്ഞ മോഹനമായ ലാവണ്യം ദേവന്മാരെപ്പോലും കൊതിപ്പിക്കുന്നതായിരുന്നു. പല കാമുകൻമാരുടെയും സാമീപ്യം ഉണ്ടായെങ്കിലും അവൾ വരിച്ചത് വണ്ടിനെ ആയിരുന്നു. ശലഭത്തേക്കാൾ അവൾ വണ്ടിനെ പ്രണയിച്ചു.  പൂവിന്റെ അകാല പതനം സഹിക്കാതെ തലതള്ളിക്കരയുന്ന വണ്ട് അനുമരണത്തിനുവരെ തയ്യാറായി. ഇതിലൂടെ കറ കളഞ്ഞ ശൃംഗാരം ദൈവികമായ ഒരു ഭാവമാണെന്ന്‌ ആശാൻ സ്വകവിതകൊണ്ട് ബോദ്ധ്യപ്പെടുത്തി.

അടുത്തപടി പൂവിന്റെ പതനം ഒരു മഹാസംഭവമായി കവി ചിത്രീകരിചിരിക്കുന്നു. അതികോമളമായ പൂവിന്റെ ഉടൽ നിലംപതിച്ചപ്പോൾ ഭൂമിപോലും പുളകമണിഞ്ഞു. പ്രകൃതിയുടെ വിലാപത്തിൽ കവിയും പങ്കുചേരുന്നു. പൂവ് നിലം പതിച്ചപ്പോൾ വണ്ടിനും പരിസരവസ്തുക്കൾക്കും ഉണ്ടായിരുന്ന ദുഃഖം കവി സ്വന്തം ദുഃഖമായി ഉൾക്കൊള്ളുന്നു.

സ്വർലോകവും സകല സംഗമവും കടന്നു ചെല്ലാം നിനക്കു തമസപരമാം പദത്തിൽ

മരണം സൗഭാഗ്യകരമായ മറ്റൊരു ജീവിതം പ്രദാനം ചെയ്തു എന്നുവരാം. ഇങ്ങനെ ലോകജീവിതത്തിലെ വിഷാദം പരലോകത്ത്  ശ്രേയസ്സിനു നിമിത്തമാകാം. പൂവിന്റെ പതനത്തിൽ കവിഹൃദയത്തിൽ ഉണ്ടായ വിഷാദം നിർവേദത്തിൽ ചെന്ന് കൊടികുത്തുന്നു. ഒരു തത്വഞ്ജാനിയുടെ സമചിത്തതയോടെ ജീവിതത്തെ കാണുകയും ലോക ജീവിതത്തിന്റെ വ്യർത്ഥത ഉപന്യസിക്കുകയും ചെയ്യുന്ന ആശാൻ പൗരാണിക ഭാരതത്തിന്റെ  ആത്മീയ ദർശനങ്ങളുടെ പാരമ്പര്യം ഉയർത്തി പിടിക്കുന്നു.

Monday, 21 August 2017

ലേഖനം

സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടതുണ്ടോ....?????

പുതിയ തലമുറയുടെ ജീവിതത്തിന്റെ ദിശ നിർണയിക്കുന്നത് സാമൂഹിക മാധ്യമങ്ങളാണ്. അതുകൊണ്ടുതന്നെ അവരുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ ലൈക്കുകളും ഷെയറുകളുമായി മാറിക്കഴിഞ്ഞു. എഴുത്തിനെ പ്രോത്സാഹിപ്പിക്കാനും ആർക്കുമെഴുതാനുമുള്ള സൗകര്യമാണ് സാമൂഹിക മാധ്യമങ്ങൾ തുറന്നു തരുന്നത്. ഈ വിശാലതയിൽ കടന്നു കയറി ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. ഇഷ്ടമായാലും അനിഷ്ടമായാലും പൊതുജനശ്രദ്ധ മാത്രമാണ് പലരും ആഗ്രഹിക്കുന്നത്.

കൈക്കുള്ളിലെ കൂടിനുള്ളിൽ ആയിരക്കണക്കിന് സുഹൃത്തുക്കളെ സമ്പാദിക്കുകയും സ്നേഹാന്വേഷണങ്ങൾ നടത്തുകയും ചെയ്യുമ്പോൾ കണ്മുന്നിലുള്ളതിനെ വിസ്മരിക്കുകയാണ് പലപ്പോഴും നാം ചെയ്യുന്നത്. മുഖത്തുനോക്കി സംസാരിക്കാൻ മറന്നപ്പോൾ തലകുനിച്ച് മൊബൈലിൽ 'മാന്താൻ' കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്നു. ഒരേസമയം സാധ്യതകൾക്ക് വഴിതുറക്കുകയും അതേസമയം ചിന്തകൾക്ക് കടിഞ്ഞാൺ ഇടുകയും ചെയ്യുകയാണ് സാമൂഹിക മാധ്യമങ്ങൾ. സ്വന്തം അവകാശങ്ങളെയും അഭിപ്രായങ്ങളെയുംപറ്റി ചിന്തിക്കാൻ മിനക്കെടാതെ മറ്റൊരാളുടെ ചിന്തകളിൽ ഇടപെട്ട് അതിനെ ഷെയർ ചെയ്യുകയാണ് ചെയ്യുന്നത്. കൂടിനുള്ളിൽ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നവർ പലപ്പോഴും നിത്യജീവിതത്തിൽ വിരുദ്ധാഭിപ്രായക്കാരായിരിക്കും എന്നതാണ് വിരോധാഭാസം.

സത്യത്തിനു മുകളിൽ കുപ്രചാരണങ്ങളുടെ കടന്നു കയറ്റം സാമൂഹിക മാധ്യമങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നതാണ്. ഇത് ഉപയോക്താക്കളെ ചിന്താ കുഴപ്പത്തിലാക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇത്തരത്തിൽ നിയന്ത്രണാതീതമായ ഈ മാധ്യമങ്ങളെ നിയന്ത്രിക്കുക എന്നത് അപര്യാപ്തമാണ്. പകരം ദുരുപയോഗം ചെയ്യാതിരിക്കുക മാത്രമാണ് ഏക പോംവഴി.

Tuesday, 15 August 2017

റേഡിയോ നാടകം.- സമയം

രംഗം 1

(ഒരു മുറിയിൽ നടക്കുന്ന സംഭാഷണം)
(അച്ഛൻ , അമ്മ , മകൾ)

(ക്ലോക്കിന്റെ ശബ്ദം. കൃത്യമായി കെട്ടുകൊണ്ടിരുന്നിട്ട് ഒടുവിൽ അത് നിലയ്ക്കുന്നു. )

മകൾ :   ഹോ... ഇത് വീണ്ടും നിന്നോ..       എത്രാമത്തെ തവണയാ ഞാനിത് ശരിയാക്കുന്നതെന്ന് അച്ഛനറിയോ. ഇനീം കൊണ്ട് ചെന്നാൽ ആ കടക്കാരൻ എന്നെ ചീത്ത വിളിക്കും. അച്ഛനീ ക്ലോക്കൊന്നു മാറ്റിക്കൂടെ..?

അച്ഛൻ :   (ചുമയ്ക്കുന്നു) നിനക്കത് പറയാം എന്റെ ചിട്ടവട്ടങ്ങളെ നിയന്ത്രിക്കുന്ന താളമാണത്. അത് നിലച്ചാൽ ഞാനുമില്ല..

മകൾ  :   (അമ്മയോട്) ഈ അച്ഛനെന്താമ്മേ ഇങ്ങനൊക്കെ സംസാരിക്കുന്നത്.

അമ്മ  :   ഓ.. അതിപ്പോ ആദ്യായിട്ടൊന്നുമല്ലല്ലോ ..ആ ക്ലോക്ക് എന്നൊക്കെ ചത്തിട്ടുണ്ടോ അന്നോക്കെ ഇതുതന്നെയാണല്ലോ പാരായണം.

അച്ഛൻ : ഹാ ..(വിഷമത്തോടെ ) എന്റെ താളവും നിൽക്കാറായി.

മകൾ   :  ഇനി അതിൽ പിടിച്ച് തൂങ്ങണ്ട. അച്ഛന്റെ ചിട്ടവട്ടങ്ങളൊന്നും ഞാനായിട്ട് തെറ്റിക്കുന്നില്ല. ഇന്ന് തന്നെ ഇത് കടയിൽ കൊടുത്തേക്കാം. പോരേ..?

അച്ഛൻ  : (മൂളുന്നു)

മകൾ     :  അമ്മയാ ക്ലോക്കിങ്ങ് എടുത്തേ. ഓഫീസിൽ പോണ വഴി കടയിൽ കൊടുത്തേക്കാം.

അമ്മ     :  ആ..

മകൾ.    :  ( നടന്നു പോകുന്നു. കാലടികളുടെ ശബ്‌ദം)


രംഗം 2



(വാഹനങ്ങൾ കടന്നു പോകുന്നതിന്റെ ശബ്ദം. ഹോണടി ശബ്ദം.)
(കാലടികളുടെ ശബ്ദം)

മകൾ     : (കുറച്ച് ഉറക്കെ) ഇവിടെ ആരുല്ലേ.. ആന്റപ്പേട്ടാ..

ആന്റപ്പൻ : ആരാ..?

മകൾ     : ഞാനാ ആന്റപ്പേട്ടാ

ആന്റപ്പൻ : ആ.. മോളോ ..എന്താ മോളേ.?

മകൾ    : ഈ ക്ലോക്ക്..

ആന്റപ്പൻ :  (നിരാശയോടെ) എന്റെ മോളെ, നീയല്ലാണ്ട് ഈ ജാമ്പവാന്റെ ക്ലോക്കും കെട്ടിച്ചുമന്നോണ്ട് നടക്കോ..? അതിനാണെങ്കിൽ എപ്പഴും ഒരൂട്ടം വയ്യായ്ക തന്നെ. ഇതിമ്മേ പണിത് സത്യായിട്ടും ആന്റപ്പന്റെ കൈകഴച്ചിരിക്കുന്നു. ഏതാണ്ട് മുജ്ജന്മ മാരണം പോലെ ഇത് ആന്റപ്പന്റെ പുറകെ അങ്ങനെ വിടാതെ കൂടണ പോലെ. സത്യത്തില് ഇത് കാണുമ്പഴേ ആന്റപ്പന് പേടിയായി വരുവാണ്‌. എന്നേം കൊണ്ടേ ഇത് പോവുള്ളൂന്ന് തോന്നിതുടങ്ങിയിരിക്കുന്നു.

മകൾ   : ആന്റപ്പേട്ടൻ അങ്ങനെ പറയരുത്. ഈ ക്ലോക്കും അച്ഛനുമായിട്ടുള്ള അടുപ്പം പറഞ്ഞാൽ ആന്റപ്പേട്ടന് മനസ്സിലാകില്ല.

ആന്റപ്പൻ : എന്തൂട്ട് അടുപ്പായാലും അതിനെ കാണുമ്പഴേ ആന്റപ്പന് എന്തോ വല്ലാത്തൊരു ഇത്.

മകൾ   :   പ്ലീസ് ആന്റപ്പേട്ടാ ഇത്തവണത്തേക്കും കൂടി. എനിക്ക് ഇപ്പൊ തന്നെ ഓഫീസിൽ പോകാൻ വൈകി. ഞാൻ നാളെ വന്ന് വാങ്ങിക്കോളാ

ആന്റപ്പൻ  :  മ്.. (മൂളുന്നു) ഇത്തവണത്തേക്കും കൂടി

മകൾ   : താങ്ക് യൂ ആന്റപ്പേട്ടാ.. ഞാൻ പോകുവാണേ..

(വേഗത്തിൽ നടക്കുന്ന കാലടികളുടെ ശബ്ദം. വാഹനങ്ങളുടെ ശബ്ദം)


രംഗം 3



(കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്ന ശബ്ദം)
(വാതിലിൽ മുട്ടു കേൾക്കുന്നു)

അമ്മ   :  മോളേ ഈ വാതിലടച്ചിരുന്നു നീ അവിടെ എന്തെടുക്കുവാ. ഓഫീസീന്നു വന്നിട്ട് നീ ചായപോലും കുടിച്ചില്ലല്ലോ..

മകൾ   :  എന്റമ്മേ എനിക്കിവിടെ ഒത്തിരി പണിയുണ്ട്.

(ടൈപ്പ് ചെയ്യുന്ന ശബ്ദം)

അമ്മ   :  നീ അച്ഛന്റെ ക്ലോക്ക് വാങ്ങിയായിരുന്നോ..?

മകൾ    :    ഇല്ലാ...

അമ്മ     :   അതെന്താ..? ക്ലോക്കു കാണാതെ ഇവിടൊരാൾക്ക് ഊണും ഉറക്കോം കാണില്ലെന്ന് നിനക്കറിഞ്ഞൂടെ..?

മകൾ    :(ദേഷ്യത്തിൽ)  ഞാൻ മറന്നിട്ടില്ലമ്മേ..നാളെ വാങ്ങിക്കൊണ്ട് വരാം.

(ആത്മഗതം) മനുഷ്യനിവിടെ തല പോണ കേസുകളാ. അതിനിടയ്ക്കാ ഒരു പരട്ട ക്ലോക്ക്..
(ടൈപ്പ് ചെയ്യുന്ന ശബ്‌ദം)


രംഗം 4



(വാഹനങ്ങളുടെ ശബ്‌ദം, കാലടികളുടെ ശബ്ദം)

മകൾ   :  ആന്റപ്പേട്ടാ ക്ലോക്ക് ശര്യായോ..?

ആന്റപ്പൻ  :  ആ.. മോള് വന്നോ .. സാധാരണ രാവിലെ കൊണ്ടുവന്നാൽ വൈകിട്ട് വാങ്ങിക്കൊണ്ട് പോണല്ലേ, ഇതീപ്പൊ ഒരീസം കഴിഞ്ഞല്ലോ.. ഞാൻ കരുതി മറന്നു കാണുമെന്ന്.

മകൾ   :  കൊള്ളാം ..ഇതിന്റെ കാര്യം അങ്ങനെ മറന്നിട്ട് വീട്ടിൽ ചെന്ന് കേറാൻ പറ്റോ എനിക്ക്. ഓഫീസിൽ നല്ല പണിയുണ്ട്. ഇന്നിപ്പോ 5 മണിക്ക് ഇറങ്ങാൻ പറ്റുംന്ന് വിചാരിച്ചില്ല. എവിടെ..? സാധനം കാണട്ടെ

(ക്ലോക്കെടുത്ത് മേശപ്പുറത്ത് വെയ്ക്കുന്ന ശബ്‌ദം. ക്ലോക്കിന്റെ സൂചികൾ അനങ്ങുന്നതിന്റെ ശബ്ദം.)

മകൾ   :  ഹോ ..ഇന്നിപ്പോ സമാധാനമായിട്ട് വീട്ടിൽ ചെന്ന് കയറാം. എത്രയായി ..?

ആന്റപ്പൻ  :  അൻപത്

(പേഴ്സ് തുറക്കുന്ന ശബ്ദം)

മകൾ   :  ദാ ...

ആന്റപ്പൻ  :  ഇനി ഇതും കൊണ്ട് ഇങ്ങട്ട് വരണ്ടാട്ടാ.. ഞാൻ നിർത്തി.



രംഗം 5




(ഓട്ടോറിക്ഷ വന്നു നിൽക്കുന്നതിന്റെ ശബ്ദം)

മകൾ   :   എത്രയായി..?

ഓട്ടോറിക്ഷക്കാരൻ  :  മുപ്പത്

മകൾ    :  ഇതാ...

(ഓട്ടോ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം. ഓടിച്ചു പോകുന്ന ശബ്ദം. കാലടികളുടെ ശബ്ദം.)

മകൾ    :  അച്ഛാ ...

അച്ഛൻ   :  ആ ..മോളു വന്നോ ... ഇന്നെന്താ ഇത്ര വൈകിയേ.. ?

മകൾ     :  വൈകിയോ..? എന്നും വരുന്ന നേരംല്ലേ ആയുള്ളൂ..

അച്ഛൻ   : (നിരാശയോടെ) ഞാൻ കരുതി..

( അൽപ്പം നിർത്തിയിട്ട്)
                സമയക്കണക്കൊന്നും ശരിയല്ല

മകൾ     : അച്ഛന്റെ കണക്കൊന്നും തെറ്റണ്ട.

(ബാഗ് തുറക്കുന്ന ശബ്‌ദം. ക്ലോക്കിന്റെ സൂചി അനങ്ങുന്നതിന്റെ ശബ്ദം)

മകൾ     :   സന്തോഷായോ...?

അച്ഛൻ    : (മൂളുന്നു)

മകൾ      : അമ്മയെവിടെപ്പോയി..?

അച്ഛൻ    :  അടുക്കളേക്കാണും.

(മകൾ നടന്നു പോകുന്നു. കാലടി ശബ്ദം.
ക്ലോക്കിന്റെ സൂചികൾ അനങ്ങുന്നതിന്റെ ശബ്ദം.)



രംഗം 6




(അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന ശബ്ദം )
(വെള്ളമൊഴിച്ച് കഴുകുന്നതും അടുക്കി വെയ്ക്കുന്നതുമായ ശബ്ദങ്ങൾ)

മകൾ   :   അമ്മേ...

അമ്മ    :   വന്നോ...ഇപ്പൊ ചായ കുടിക്കുന്നോ...?

മകൾ    :  ആ

(വീണ്ടും പാത്രങ്ങൾ എടുക്കുന്ന ശബ്ദം. ചായ ഒഴിക്കുന്ന ശബ്ദം)
(ചായ മേശപ്പുറത്ത് കൊണ്ടു വെയ്ക്കുന്ന ശബ്ദം)

അമ്മ   : ദാ ... നീ അച്ഛന്റെ ക്ലോക്ക് വാങ്ങിക്കൊണ്ട് വന്നോ...?

മകൾ   :  വാങ്ങി. അച്ഛന്റെൽ കൊടുക്കേം ചെയ്തു. ഇനി ചീത്തയായാൽ അങ്ങോട്ടു കൊണ്ടു ചെല്ലണ്ടാന്നാ ആന്റപ്പേട്ടൻ പറഞ്ഞത്‌.

അമ്മ    :  അയാൾക്കും മടുത്തുകാണും. ഇതിപ്പോ കുറെ ആയല്ലോ...
ചായ ആറണ്ട നീയതെടുത്തു കുടിയ്ക്ക്.

(ചായ ഊതിക്കുടിക്കുന്നതിന്റെ ശബ്ദം)



രംഗം 7



(ആത്മഗതം)  ഈശ്വരാ മണി 9 ആയി ഇന്നും ഞാൻ ലേറ്റ് ആകും .
(പേപ്പറുകൾ എടുക്കുകയും ,അടുക്കി വെയ്ക്കുകയും ചെയ്യുന്ന ശബ്ദം)
(ബാഗ് അടയ്ക്കുന്ന ശബ്ദം)
(വേഗത്തിൽ നടക്കുന്ന ശബ്ദം)

മകൾ   :  (ധൃതിയിൽ)  അമ്മേ.... ഞാൻ ഇറങ്ങുകയാണ്

അമ്മ    :  ആ..

(നടക്കുന്ന ശബ്ദം)

മകൾ    :   അച്ഛാ...

അച്ഛൻ    :ആ ... നീ ഇറങ്ങിയോ..? സമയമെത്രയായി...?

മകൾ     :   9 കഴിഞ്ഞു.

അച്ഛൻ   :   ഇരുട്ടായപോലെ.

മകൾ.     : അത് അച്ഛനീ മുറീത്തന്നെ ഇരിക്കണോണ്ട ...ജനലുകളെല്ലാം തുറന്നിടട്ടെ...?

അച്ഛൻ    :  വേണ്ട...  നല്ല തണുപ്പുണ്ട്...

മകൾ      :  അല്ലാ ...(കുറച്ചു സമയം നിശബ്ദയായിട്ട്, സംശയത്തോടെ)      അച്ഛന്റെ ക്ലോക്കെവിടെ

അച്ഛൻ     :   നിന്നു

മകൾ.      :  പിന്നേം... (ദേഷ്യത്തിൽ) എനിക്കിനി അതിന്റെ പിറകെ നടക്കാൻ വയ്യ. ഞാൻ പോണു..

(ധൃതിയിൽ നടക്കുന്ന കാലടികളുടെ ശബ്ദം)



രംഗം 8




(കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്ന ശബ്ദം).
(കതകു തുറന്ന് നടന്നടുക്കുന്ന ശബ്ദം)
(ഗ്ലാസ് മേശപ്പുറത്ത് വെയ്ക്കുന്ന ശബ്ദം)
(ടൈപ്പ് ചെയ്യുന്ന ശബ്ദം)

അമ്മ    :   ചായ കുടിയ്ക്ക്..

(ടൈപ്പ് ചെയ്യുന്ന ശബ്ദം) (നിശബ്ദത)

മകൾ    :  മ്.. എന്താ ഒരു മൗനം..?

അമ്മ     :  നീ രാവിലെ അച്ഛനോട് ദേഷ്യപ്പെട്ടോ..?

മകൾ.    :  അച്ഛനോടൊ.. ഞാനോ... എന്തിന് ..?

(ടൈപ്പ് ചെയ്യുന്ന ശബ്ദം)

അമ്മ     :  ക്ലോക്കിന്റെ കാര്യം പറഞ്ഞപ്പോൾ നീ ദേഷ്യപ്പെട്ടൂന്ന് പറയണ കേട്ടു.

മകൾ     :  പിന്നെന്താമ്മേ ഇതെത്രാമത്തെ തവണയാ. പുതിയത് വാങ്ങി കൊടുക്കാന്ന്‌ ഞാൻ പറഞ്ഞതല്ലേ.

അമ്മ     :  നിനക്കറിഞ്ഞൂടെ അച്ഛന്റെ സ്വഭാവം. അതിന്റെ താളത്തിനനുസരിച്ചാ ആ മനുഷ്യന്റെ ഓരോ ചലനവും. അച്ഛന് നല്ല സങ്കടായി...

മകൾ    :  മ്  .... അച്ഛനെവിടെപ്പോയി..?

അമ്മ     :   കിടക്കുവാ

മകൾ     :  ഞാനീ വർക് തീർത്തിട്ട് അച്ഛന്റെ അടുത്തേക്ക് പൊക്കോളം

അമ്മ     :   മ്...

(ടൈപ്പ് ചെയ്യുന്ന ശബ്ദം)



രംഗം 9




(കതക് തുറക്കുന്ന ശബ്ദം)

മകൾ   :   അച്ഛൻ ഉറങ്ങുകയാണോ. ?

അച്ഛൻ   : (ക്ഷീണിച്ച സ്വരത്തിൽ)   ഏയ് ഇല്ല...

മകൾ     :   അച്ഛനെന്തുപറ്റി..?

അച്ഛൻ   :   ഒന്നുല്ല മോളെ... ചെറിയൊരു വയ്യായ്ക.

മകൾ     :  ഹോസ്പിറ്റലിൽ പോണോ..?

അച്ഛൻ    :   വേണ്ട

മകൾ     :  ക്ലോക്ക് ഞാൻ നാളെ കൊണ്ട് കൊടുക്കാം.

അച്ഛൻ   :   വേണ്ട മോളെ... അതിനി നന്നാക്കണ്ട.. ശരിയാവില്ല..

മകൾ     :   ഒരിക്കൽ കൂടി കൊടുത്തു നോക്കാം അച്ഛാ...

അച്ഛൻ.  : മ് ....

മകൾ     :  അച്ഛൻ കിടന്നോ....

അച്ഛൻ    :മ്  ...പോകുമ്പോ ആ കതകങ്ങു ചാരിയേക്ക്...

(കാലടികളുടെ ശബ്ദം.
കതക് അടയ്ക്കുന്നതിന്റെ ശബ്ദം)




രംഗം10




മകൾ   :  അമ്മേ ഞാൻ ഇറങ്ങാണ്...

(കാലടികളുടെ ശബ്ദം)
(കതക് തുറക്കുന്ന ശബ്ദം)

അച്ഛാ... ഞാൻ ക്ലോക്ക് എടുക്കാണേ

അച്ഛൻ    :  എന്റെ കാലം വരെയെങ്കിലും ഈ ക്ലോക്കിന്‌ ആയുസ്സ് തരണേയെന്ന് അയാളോട് അപേക്ഷിക്യാ. ഒരു നിമിഷം കൂടി കൂടുതൽ വേണ്ടാന്ന് പറയ്യാ. ഞാൻ തീരണതും ക്ലോക്ക് നിക്കണതും ഒപ്പം തന്നെ ആയിക്കോട്ടെ. അയാളും ഒരു ബ്രഹ്മാവണല്ലോ. അയാള് നിരീച്ചാ ഒരു വഴി കാണാണ്ടിരിക്കോ

മകൾ   :   ഞാൻ പറഞ്ഞുനോക്കാം. ശരിയാവോന്നു അറിയില്ല.

അച്ഛൻ. :  ശരിയാകും.. ശരിയാകാതിരിക്കില്ല. ഈ ക്ലോക്ക് നിൽക്കുമ്പോഴൊക്കെ ഞാനും ഏതാണ്ട് മരിക്യാന്നു അയാളോട് പറഞ്ഞോളൂ.

(കുറച്ചു നിമിഷത്തേക്ക് മൗനം)

മോളു പൊയ്ക്കോളൂ ... കതക് ചാരാൻ മറക്കണ്ട

(കാലടികളുടെ ശബ്ദം. കതക് അടയ്ക്കുന്ന ശബ്ദം)




രംഗം 11




(വാഹനങ്ങളുടെ ശബ്ദം)
(നടക്കുന്നതിന്റെ ശബ്ദം)

മകൾ    :   ആന്റപ്പേട്ടാ...

ആന്റപ്പൻ   :   ആ... പിന്നേം ആ മാരണോം കൊണ്ടാണോ വരവ്..?

മകൾ     :  അത് പിന്നേം നിന്നു

ആന്റപ്പൻ   : (ദേഷ്യത്തിൽ) എനിക്കിനി വയ്യ

(നിശബ്ദത)

മകൾ    :  നോക്ക് ആന്റപ്പേട്ടാ .. അച്ഛന്റെ കാര്യം ആന്റപ്പേട്ടന് അറിയാല്ലോ. ഇക്കുറി കൂടി ഒന്നു സഹായിക്ക് ഇതോടെ മതിയാകും.

ആന്റപ്പൻ  :  (ദേഷ്യത്തിൽ) ഇല്ലില്ല ...കഴിഞ്ഞ തവണയും മോള് ഇതു തന്നല്ലേ പറഞ്ഞത്..?

മകൾ   :  അതൊക്കെ ശര്യാണ്. ആന്റപ്പേട്ടൻ ബ്രഹ്മാവാണെന്നാ അച്ഛൻ പറഞ്ഞത്.

ആന്റപ്പൻ   :  ആന്റപ്പൻ ബ്രഹ്മാവല്ല,  ഒരു ഒറ്റുമാവ് പോലുമല്ല .. എന്തായാലും ഇപ്പണി ഇനി ആന്റപ്പനെക്കൊണ്ട് വയ്യ. ആസ്‌പത്രീന്ന്  ഡോക്ടർമാര് ചില കേസൊക്കെ മടക്കില്ലേ.. ഇതും അതുപോലത്തെ ഒരു കേസന്ന്യാന്നു കരുതിയാൽ മതി.

മകൾ   :  ആന്റപ്പേട്ടാ പ്ളീസ്.... ഇനി ഞാൻ വരില്ല.. ഉറപ്പ്... ആന്റപ്പേട്ടനല്ലാതെ ഇതാരും നന്നാക്കി തരില്ല.

ആന്റപ്പൻ   : (ദേഷ്യത്തിൽ) മോള്‌പൊക്കോ,  ഇല്ലേൽ ഞാനിവിടുന്നു ഇറങ്ങും

(നിശബ്ദത)

(നടന്നു പോകുന്ന കാലടികളുടെ ശബ്ദം)



രംഗം12




(കതക് തുറക്കുന്ന ശബ്ദം)

മകൾ    :   അച്ഛാ ...

അച്ഛൻ   :   നീ വന്നോ... മണിയെത്രയായി..?

മകൾ    :   അഞ്ചര

അച്ഛൻ.  :  ക്ലോക്ക് കൊടുത്തോ..?

മകൾ    : (നിരാശയോടെ) കൊടുത്തു.. എടുത്തില്ല.. പറ്റില്ലാന്ന് പറഞ്ഞു.

അച്ഛൻ   : (നിരാശയോടെ) ആന്റപ്പനും മടുത്തു അല്ലേ...?

മകൾ    :  ആ ...

അച്ഛൻ   :  ശര്യാണ്... ഒരൂസം എല്ലാരും മടുക്കുംന്ന് ഞാൻ ഓർക്കേണ്ടതായിരുന്നു.

മകൾ     :  സാരല്യാച്ഛാ.. പുതിയൊരെണ്ണം മേടിക്കാം. ഒരു ക്വർട്‌സ്. അടിക്കണ തരംണ്ട്.
സമയോം കണിശായിരിക്കും.

അച്ഛൻ   :   വേണ്ട

മകൾ     :   എന്തേ...?

അച്ഛൻ    :   വേണ്ട അത്രന്നെ..

മകൾ      :  അപ്പൊ സമയം അറിയാനോ.?

അച്ഛൻ    :  അറിയണ്ടാന്ന് വെച്ചാ പോരെ

മകൾ       :   അച്ഛനെന്താ ഈ ചെറിയ കുട്ട്യോളപ്പോലെ..

അച്ഛൻ     :    ഞാനിപ്പോളൊരു ചെറിയ കുട്ടിയല്ലേ..?
രണ്ടാം ബാല്യമല്ലേ ഇത്..

(നിശബ്ദത)

(പെട്ടെന്ന് ക്ലോക്കിന്റെ സൂചികൾ ചലിക്കുന്ന ശബ്ദം)

മകൾ   : (ആകാംക്ഷയോടെ) അച്ഛാ... ദേ അത് ഓടിത്തുടങ്ങി.

അച്ഛൻ    :  (നിരാശയോടെ)  മ് .... അധികം ഉണ്ടാവില്ല.. കഴിയാറായി.. ഇതും കൂടിയേ ഉള്ളൂ...

(ക്ലോക്കിന്റെ ശബ്ദം കേട്ടുകൊണ്ടിരിക്കുന്നു)

Sunday, 13 August 2017

Review of documentary. ''ജലം കൊണ്ട് മുറിവേറ്റവൾ"

'മുക്കം നദിയിൽ മുങ്ങിയവനെത്തേടി'

കാഞ്ചനയ്ക്ക്, ജലം കൊണ്ട് ശരീരത്തിനല്ല മനസ്സിനാണ് മുറിവേറ്റത്. ആ മുറിവ് ഭേദപ്പെടാനാകാത്തവിധം ആഴത്തിലുള്ളതും.. 
മൊയ്തീൻ എന്ന ഓർമയുടെ അരികിൽ സ്വന്തം ഹൃദയം തന്നെ സമർപ്പിച്ച കാഞ്ചനയുടെ മഹാത്യാഗത്തിന്റെ കഥയാണ് ജലം കൊണ്ട് മുറിവേറ്റവളിലൂടെ
R. S വിമൽ പറയുന്നത്. കേട്ടാൽ സിനിമ കഥ പോലുള്ളതുകൊണ്ടാകാം വിമൽ ഈ ഡോകുമെന്ററിയെ 'എന്നു നിന്റെ മൊയ്തീൻ ' എന്ന പേരിൽ ബിഗ് സ്ക്രീനിൽ എത്തിച്ചു.

ഇരുവഴിഞ്ഞിപ്പുഴയെ സ്നേഹിക്കുന്ന , അതിന്റെ ആഴങ്ങളിലേക്ക് നോക്കി നിൽക്കുന്ന കാഞ്ചനയിൽ നിന്നാണ് ജലം കൊണ്ട് മുറിവേറ്റവൾ ആരംഭിക്കുന്നത്. ആരാണ് കാഞ്ചന..? ഇരുവഴിഞ്ഞിയും കാഞ്ചനയും തമ്മിൽ എന്താണ് ബന്ധം..? ഇരുവഴിഞ്ഞി പുഴയിൽ പെയ്തിറങ്ങുന്ന മഴ എങ്ങനെയാണ് കാഞ്ചനയുടെ കണ്ണീരിന്റെ ചാറ്റൽ മഴയാകുന്നത്...? ഈ ചോദ്യങ്ങൾ പ്രേക്ഷകനെ കൂടുതൽ ആകാംക്ഷയിൽ എത്തിക്കുന്നു. അനശ്വരമായ ഒരു പ്രണയത്തിന്റെ കഥയാണ് കാഞ്ചനയിൽ നിന്നും കേൾക്കാൻ കഴിയുന്നത്.

സുഹൃത്തുക്കളായ ഉള്ളാട്ടിൽ ഉണ്ണിമൊയ്തീന്റെ മകൻ B.P മൊയ്തീനും കൊറ്റങ്ങൽ അച്യുതന്റെ ആറാമത്തെ മകൾ കാഞ്ചനയും കോഴിക്കോട് മുക്കം ഗ്രാമത്തിലെ പ്രതാപികളായ രണ്ട് കുടുംബങ്ങളിലെ അംഗങ്ങളാണ്. 2 കുടുംബങ്ങളുടെ സൗഹൃദം രണ്ട് ഹൃദയങ്ങളിലെ പ്രണയത്തെ വളർത്തി. 2 മതങ്ങളിലുള്ളവർ പ്രണയിച്ചാലുള്ള പൊട്ടിത്തെറികൾ തങ്ങളുടെ ജീവിതത്തിലുമുണ്ടായെന്നു കാഞ്ചന സാക്ഷ്യപ്പെടുത്തുന്നു. പുസ്തകങ്ങൾ വഴി പ്രണയം കൈമാറിയിരുന്ന മൊയ്തീനും കാഞ്ചനയും ഒരു പ്രണയ ഭാഷ തന്നെ മെനഞ്ഞെടുത്തു. കത്തുകൾ പിടിക്കപ്പെട്ട്‌ കാഞ്ചന 25 വർഷത്തോളം വീട്ടുതടങ്കലിലായി. പല വിവാഹാലോചനകൾ വന്നെങ്കിലും മൊയ്തീനോടുള്ള പ്രണയം അങ്ങേയറ്റം തീവ്രതയുള്ളതായിരുന്നു. എതിർപ്പുകൾ ധാരാളമായപ്പോൾ അവരത് വെല്ലുവിളിയായി ഏറ്റെടുക്കുകയാണ് ചെയ്തത്.

'ജലം കൊണ്ട് മുറിവേറ്റവളി'ൽ        കാഞ്ചന-മൊയ്തീൻ പ്രണയകഥ വിവരിക്കുന്നത് കാഞ്ചനയും മൊയ്തീന്റെ സഹോദരൻ B.P റഷീദും മൊയ്തീന്റെ അമ്മാവന്റെ മകൾ ജലീലയും അധ്യാപകനായ മുക്കം ഭാസിയും കൂടിയാണ്. മൊയ്തീന്റെ ഭാര്യയായി തന്നെയാണ് കാഞ്ചനേടത്തിയെ റഷീദ് കാണുന്നത്. റഷീദിന്റെ വാക്കുകളിൽ കാഞ്ചന സ്നേഹത്തിന്റെ പര്യായമാണ്.

25 വർഷത്തെ വീട്ടുതടങ്കലിനിടയിലെ  പത്താം വർഷം ഒരു നവംബർ 23ന് കാഞ്ചനയും മൊയ്തീനും കണ്ടുമുട്ടുകയും ദീർഘനേരം സംസാരിക്കുകയും ചെയ്തു. 'ഞങ്ങളുടെ മൗനം വീണുടഞ്ഞ നിമിഷമായിരുന്നു അത്'എന്നാണ് കാഞ്ചന പറയുന്നത്. ഒന്നിച്ചു ജീവിക്കാൻ പല തവണ തുനിഞ്ഞിറങ്ങിയെങ്കിലും വിധി അനുകൂലിച്ചില്ല. സഹോദരിമാരുടെ നല്ല ഭാവിയെക്കരുത്തി കാഞ്ചന തന്റെ ആഗ്രഹത്തെ മൂടിവെയ്ക്കുകയായിരുന്നു.

വാശിക്കാരനായ ബാപ്പയുടെ അതേ വാശി തന്നെയാണ് തന്റെ ജ്യേഷ്ഠനുമെന്ന്‌ റഷീദ് പറയുന്നു. മകന്റെ വാശി അധികമായപ്പോൾ ആ ബാപ്പ മകനെ കുത്തിയ ചരിത്രംവരെയുണ്ടായി. പൊലീസിന് മുന്നിൽ കീഴടങ്ങിയ ബാപ്പയെ മൊയ്‌ദീൻ വിധിക്കു വിട്ടുകൊടുത്തില്ല. വീണപ്പോൾ പറ്റിയ മുറിവാണ് അതെന്ന് അയാൾ കോടതിയിൽ വാദിച്ചു.

1982 ജൂലൈ15 ലെ പെരുമഴയാണ് മൊയ്തീന്റെ ജീവനെടുത്തത്. ഈ കഥ വിവരിക്കുന്നത് മുക്കം ഭാസിയാണ്. അയാൾ അന്ന് മണ്ണാശ്ശേരി സ്‌കൂൾ അധ്യാപകനായിരുന്നു. തെയ്യത്തും കടവിൽ നിന്ന് 15 പേർക്ക്‌ മാത്രം യാത്ര സൗകര്യമുള്ള തോണിയിൽ മുപ്പതോളം പേർ കയറുകയും തോണി മറിയുകയും ചെയ്യുന്നു. ഒരുപാടുപേരുടെ ജീവൻ രക്ഷിച്ച മൊയ്തീൻ ഒടുവിൽ ചുഴിയിൽ പെട്ട് മരിക്കുന്നു. ആ അപകടത്തിൽ 3 പേര് മരിച്ചു. മൊയ്തീന്റെ മരണത്തിൽ മാനസികനില തെറ്റിയ കാഞ്ചന പല തവണ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും പരാജിതയായി. ഒടുവിൽ മൊയ്തീന്റെ വിധവയായി മൊയ്തീന്റെ ഉമ്മയുടെ കൈപിടിച്ച് അവൾ ജീവിതത്തിലേക്ക് നടന്നു കയറി. മൊയ്തീന്റെ ഓർമകളിലൂടെ സാമൂഹ്യ നന്മയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളായിരുന്നു പിന്നീടുള്ള കാഞ്ചനയുടെ ജീവിതം.

ഇരുവഴിഞ്ഞി പുഴ തട്ടിയെടുത്ത തന്റെ സ്നേഹത്തെ ഇന്നും കാഞ്ചന മുറുകെ പിടിച്ചിരിക്കുന്നു. മഴ നനഞ്ഞു കൊണ്ട് നദിയോട് പരാതി പറയുന്ന കാഞ്ചനയെ തന്നെയാണ് തുടക്കം മുതൽ ഒടുക്കം വരെയും ഈ ഡോകുമെന്ററിയിൽ കാണാൻ കഴിയുന്നത്. മഴയുടെ സൗന്ദര്യത്തെ അപ്പാടെ പ്രേക്ഷകരിലെത്തിക്കാൻ സംവിധായകന് സാധിച്ചു.

Wednesday, 2 August 2017

കവിത

ലഹരിക്കുപ്പായം

ചെയ്ത പ്രവൃത്തിക്കംഗീകാരമായ് കിട്ടിയ
സങ്കടത്തേയും സന്തോഷത്തേയും
കുപ്പിക്കുള്ളിലടച്ച മരുന്നെന്ന പേരിൽ ഒറ്റയിരുപ്പിനങ്ങകത്താക്കിയപ്പോഴും
പുലമ്പുന്ന നേരത്തും പറയുന്നതുണ്ടപ്പോൾ കള്ളുമോന്താറില്ല ഞാൻ, മോന്തിയാൽ
തന്നെയും ബോധം മറയില്ല ....
സന്തോഷത്തിന്നറ്റവും
സങ്കടത്തിന്നറ്റവും   - ലഹരി മാത്രം.
അകത്തെ വെള്ളത്തിന്നാക്കം കുറ-
യ്ക്കാനായ് പുറത്തു വെള്ളമൊഴിച്ചു.
തലവഴി തൃപ്പാദത്തിലെത്തുമ്പോൾ തിളയ്ക്കുന്ന ലഹരിയ്ക്കു തണുപ്പു വന്നു.
ലഹരിക്കുപ്പായത്തിന്നു പരിധി നിശ്ച-
യിക്കേണ്ടതാരാണെന്നാർക്കറിയാം.