ശിവപ്രസാദ് സംവിധാനം ചെയ്ത 26 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രമായ 'അപ്പൂപ്പൻതാടി' ഒരുപറ്റം സുഹൃത്തുക്കളുടെ കഥയാണ്. പ്രായത്തെ വെല്ലുന്ന ഇവരുടെ സൗഹൃദം ഈ ഹ്രസ്വചിത്രത്തെ കൂടുതൽ ആകർഷകമുള്ളതാക്കുന്നു.
ഒരു പെസഹാ വ്യാഴാഴ്ച ഒത്തുകൂടുന്ന ഇവർ 'മെമ്മറീസ്' എന്ന മദ്യമാണ് കഴിക്കുന്നത്. കഥകളും തമാശകളും പറഞ്ഞു കുടി ഒരുപാടായപ്പോൾ പഴയ കഥകൾ പറഞ്ഞു തുടങ്ങി. ഇത് പ്രണയത്തിലേക്കും എത്തിച്ചേർന്നു. പ്രണയിച്ച പെണ്ണിനെ കെട്ടാൻ പറ്റാത്ത സങ്കടത്തിൽ വിവാഹം തന്നെ വേണ്ടെന്നു വെച്ച ശങ്കരേട്ടൻ രക്തം ഛർദ്ദിക്കുന്നു. സുഹൃത്തുക്കൾ അയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുന്നു. അത്യാസന്നനിലയിൽ കിടക്കുന്ന അയാൾ ഒരു ആഗ്രഹം തന്റെ സുഹൃത്തിനോട് പറയുന്നു. 50 വർഷം മുൻപത്തെ തന്റെ പ്രണയിനിയെ കാണണമെന്ന്.
പ്രിയപ്പെട്ട ശങ്കരേട്ടന്റെ ആഗ്രഹം നടത്തിക്കൊടുക്കാൻ സുഹൃത്തുക്കൾ മുന്നിട്ടിറങ്ങുന്നു. പലയിടങ്ങളും അലഞ്ഞ അവർ ഒടുവിൽ ആ സ്ത്രീയെ കണ്ടുമുട്ടുന്നു. എന്നാൽ അവർ ആശുപത്രിയിൽ വരാൻ തയ്യാറായില്ല. വിഷമത്തോടെ അവിടെ നിന്നും ഇറങ്ങിയ അവർക്കുമുന്നിൽ സുഹൃത്തിന്റെ പഴയ കാമുകിയെക്കുറിച്ചുള്ള ഓർമകൾ വന്നു. നാടക നടിയായ അവരെക്കൊണ്ട് അഭിനയിപ്പിക്കാമെന്നു തീരുമാനിക്കുകയും ചെയ്തു.
നാടക നടി ശങ്കരേട്ടന്റെ കാമുകിയായി വന്നു തകർത്തു അഭിനയിച്ചു മടങ്ങുമ്പോഴേക്കും പഴയ കാമുകി ആശുപത്രിക്കു മുന്നിൽ വന്നിറങ്ങി. ഈ ഒരു സീനോടെയാണ് ചിത്രം അവസാനിക്കുന്നത്. നിരവധി നർമ്മ മുഹൂർത്തങ്ങൾ ചിത്രത്തിലുടനീളം കാണാൻ സാധിക്കുന്നുണ്ട്. സൗഹൃദങ്ങളുടെ വിലയെ കള്ളത്തരങ്ങൾ ഇല്ലാതെ വരച്ചു കാണിക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. പെസഹാ വ്യാഴത്തിൽ തുടങ്ങി ദുഃഖവെള്ളിയിൽ അവസാനിക്കുന്ന ഒരു മനോഹര ചിത്രമാണ് 'അപ്പൂപ്പൻ താടി'.
No comments:
Post a Comment