പണ്ട് തിരുവിതാംകൂറിലെ കൊട്ടാര അങ്കണങ്ങളിലും നായർ തറവാടുകളിലും കളിച്ചിരുന്ന ഒരു കലാരൂപമാണ് ചരടു പിന്നിക്കളി .ശ്രീകൃഷ്ണ ലീലയെ ആസ്പദമാക്കി അവതരിപ്പിക്കുന്ന ഈ കലാരൂപം ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുകയാണ് . ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള കഥകൾ ഇതിൽ പ്രതിപാദിക്കുന്നു . 12 ഗോപസ്ത്രീകൾ 12 ചരടുകളിൽ ആനന്ദനൃത്തംചവിട്ടി ഉണ്ണിക്കണ്ണനെ വിളിച്ചു വരുന്ന രംഗങ്ങൾ പ്രേക്ഷകന്റെ കണ്ണിനും കാതിനും കുളിർമയേകുന്നതാണ്. ചരടു പിന്നിക്കളിയെ പല ഭാഗങ്ങളായി തിരിച്ചിരിക്കുന്നു .
1. ഉറി
2. ഊഞ്ഞാൽ
3. ആൾ വരിച്ചിൽ
4. തൊട്ടിൽ
എന്നിവയാണ് ചരടു പിന്നിക്കളിയുടെ വിവിധ രൂപങ്ങൾ.
1. ഉറി
12 ഗോപസ്ത്രീകൾ 12 ചരടുകളിൽ ഗാനത്തിനെh അകമ്പടിയിൽ ചുവടുകൾ വെച്ച് ഉറി ഉണ്ടാക്കുന്നു. ആ ഉറിയിൽ വെണ്ണക്കലം വെച്ച് ഉണ്ണിക്കണ്ണനെ വിളിച്ചു വരുത്തുന്നു. വേദിയിൽ എത്തുന്ന ഉണ്ണിക്കണ്ണൻ ഉറിയിലെ വെണ്ണക്കലം ഉരൽ ഉരുട്ടിക്കൊണ്ടുവന്ന് അതിൽ കയറി നിന്ന് എടുക്കുകയും, ഗോപസ്ത്രീകളെ കൊതി കാണിച്ച് ഉണ്ണുകയും ചെയ്യുന്നു. തുടർന്ന് താളത്തിന് ചുവടുകൾ വെച്ച് കടന്നു പോകുന്നു. ഉറി എങ്ങനെയാണോ നിർമ്മിച്ചത് അതുപോലെ അഴിച്ച് ചരടിനെ പഴയ പടിയാക്കുന്നു.
2. ഊഞ്ഞാൽ
12 ചരടുകൾ 2ഭാഗങ്ങളായി പിരിഞ്ഞ് കൂട്ടിക്കെട്ടി ഊഞ്ഞാൽ നിർമ്മിക്കുന്നു. തുടർന്ന് ഉണ്ണിക്കണ്ണനെ വിളിച്ചു വരുത്തുന്നു.
''കണ്മണിയേ വെണ്ണ തരാം
പൊന്മകനേ ഓടി വാ
മഞ്ഞത്തുകിലും ചാർത്തി
ഓടി വാ ഓടി വാ ....
അഞ്ചിക്കൊഞ്ചി പുഞ്ചിരി -
യിട്ടോടി വാ ഓടി വാ ....
നെഞ്ചിലുള്ള പരിതാപം
തീർത്തിടാനോടി വാ ...''
ഈ പാട്ടു പാടി കണ്ണനെ വിളിച്ചു വരുത്തി ഊഞ്ഞാലിൽ ഇരുത്തി താലോലിക്കുന്നു. തുടർന്ന് ഊഞ്ഞാൽ അഴിക്കുന്നതോടെ ഈ ഇനം അവസാനിക്കുന്നു.
3. ആൾ വരിച്ചിൽ
ചരടു പിന്നിക്കളിയിൽ ഏറ്റവും ശ്രദ്ധയോടെ കളിക്കേണ്ട ഇനമാണിത്. വെണ്ണ കട്ടെടുക്കാൻ വരുന്ന ഉണ്ണിക്കണ്ണനെ ചരടിൽ ബന്ധിക്കുന്നതാണ് കഥാസന്ദർഭം.