ചങ്ങമ്പുഴയുടെ 'വാഴക്കുല' - ഒരു അവലോകനം
സാമൂഹ്യാസമത്വത്തിനെതിരെ, അല്ലെങ്കിൽ പതിത വർഗ്ഗത്തിന്റെ ഉയിർത്തെഴുന്നേല്പിനുള്ള ആഹ്വാനം ആയിരുന്നു ചങ്ങമ്പുഴയുടെ വാഴക്കുല. സ്വപ്നാടനക്കാരും സാമൂഹ്യ പ്രശ്നങ്ങളോട് വിമുഖതയുള്ളവരുമാണ് റൊമാന്റിക് കവിളെന്ന് ആക്ഷേപമുണ്ട്. ചങ്ങമ്പുഴയുടെ മിക്ക കൃതികളും ഇത്തരം ഭാവഗാനങ്ങളാണെങ്കിലും, 'വാഴക്കുല ' സാമൂഹ്യാവസ്ഥയിലെ അസമത്വത്തെ നിശിതമായി വിമർശിക്കുകയാണ് ചെയ്യുന്നത്. ജന്മിത്തത്തിന്റെ വൈകൃതങ്ങളെ ഈ കൃതി വർണ്ണിക്കുന്നു.
ജന്മിയുടെ കുടികിടപ്പുകാരനായ മലയപ്പുലയൻ അവനന്റെ മാടത്തിന്റെ മുറ്റത്ത് ഒരു വാഴ നട്ടു. അതു സ്വന്തമാണെന്നും അതിന്റെ പഴം രുചിക്കാമെന്നും സ്വപ്നം കാണുന്ന കുട്ടികളുടെ ഉത്സാഹവും അതിമോഹവും വളരുന്നതിനൊപ്പം വാഴയും വളർന്നു. കുല വിളഞ്ഞു വെട്ടാറാകുന്നതിനു മുമ്പ് അവിടെ പല നാടകീയ മുഹൂർത്തങ്ങളും ഉണ്ടാകുന്നു. ഒടുവിൽ വാഴക്കുല വെട്ടിയപ്പോൾ മലയന്റെ ഉള്ളിൽ തമ്പുരാന്റെ കൽപ്പന ഇടിനാദം പോലെ മുഴങ്ങി. പുലയക്കിടാങ്ങളുടെ മോഹങ്ങൾ അണഞ്ഞു. സമ്പന്നരുടെ നീതി പാവങ്ങൾക്ക് സംരക്ഷണം നൽകില്ലെന്ന ആക്ഷേപത്തിലാണ് കവിത അവസാനിക്കുന്നത്.
വാഴ നട്ടതു മുതൽ പുലയക്കുടിലിൽ ഉണ്ടാകുന്ന ഉണർവും ഉത്സാഹവും അവശ വിഭാഗത്തിനുണ്ടാകുന്ന പ്രത്യാശയുടെ പ്രതിഫലനമാണ്. അരുമക്കിടാങ്ങളിലൊന്നായിട്ടാണ് അഴകിപ്പുലക്കള്ളി അതിനെ ലാളിച്ചത്. വാഴ ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു. അതിന് വെള്ളം നനയ്ക്കാൻ അവർ ഒരിക്കലും മറന്നില്ല. അതിവേഗം വളർന്ന തൈ വാഴച്ചുവട്ടിലാണ് മുഴുപ്പട്ടിണിയാണെങ്കിലും പുലയക്കിടാങ്ങൾ കളിച്ചു രസിച്ചത്. കത്തുന്ന വയറുമായി വാഴച്ചുവട്ടിലിരിക്കുന്ന കിടാങ്ങളെ കണ്ടിട്ട് കത്തുന്ന വെയിലിന്റെ ഉള്ളിലും നനവുണ്ടായി നിഴൽ വിരിച്ചു പോകും.
വാഴക്കുല കുലയ്ക്കുന്നതിനു മുൻപ് കിടാങ്ങൾ കൊതിയൂറി അതിന്റെ ചുവട്ടിൽ നിൽക്കുന്നതും പഴമൊക്കെ കട്ടു തിന്നുമെന്ന് ശണ്ഠ കൂടുന്നതും അച്ഛൻ അരി വാങ്ങാൻ വെട്ടി വിൽക്കുമെന്ന് പരിഭവം പറയുന്നതും വേദനയുണ്ടാക്കുന്നതാണ്.
വാഴക്കുല വിളഞ്ഞ് വെട്ടാൻ കാലമായി . വാഴയെ സ്പർശിച്ച മലയന്റെ ഉള്ളിൽ തമ്പുരാന്റെ കൽപ്പന ഇടിവെട്ടു പോലെ മുഴങ്ങി. അവൻ കൈമെയ് തളർന്നു നിന്നു. കൊതി മൂത്ത കുഞ്ഞുങ്ങൾ ആഹ്ലാദഭരിതരായി ചുറ്റും നിൽക്കുന്നു. ഏതോ നിഗൂഡ രഹസ്യം ഉള്ളിൽ തട്ടിയ അഴകി അലമുറയിടുന്നുണ്ടായിരുന്നു. ജന്മിയുടെ കാരുണ്യത്താൽ കുടിൽ കെട്ടി കഴിയുന്നവൻ അവന്റെ അധ്വാനഫലം തമ്പുരാന് കാഴ്ചവെയ്ക്കാനുള്ളതാണ്. 'ഒരു വാഴ വേറെ ഞാൻ.... ' എന്ന അർദ്ധവിരാമത്തോടെ മലയൻ കുല തോളിലേറ്റി നടന്നു. ഇനി എത്ര വാഴ വെച്ചാലും ഇതു തന്നെയാണ് അവസ്ഥ.
'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ
നിങ്ങൾ തൻ പിൻമുറക്കാർ '
തമ്പുരാനോട് എതിർത്തു നിൽക്കാൻ പുലയന് കരുത്തില്ല. ഒരു പക്ഷേ അനന്തര തലമുറ കരുത്തു നേടി ജന്മിത്തത്തിന് എതിരേ ശബ്ദമുയർത്തുമെന്ന് മലയൻ പ്രതീക്ഷിക്കുകയാണ്.മലയപ്പുലയനിലൂടെ സമൂഹത്തോടുള്ള കവിയുടെ പ്രതിഷേധമാണ് കാണാൻ കഴിയുന്നത്. പണമുള്ളവൻ നിർമ്മിച്ച നീതിയ്ക്ക് പാവങ്ങളുടെ സങ്കടത്തിന് പരിഹാരം കാണാൻ സാധിക്കയില്ലെന്ന വ്യസനത്തോടെ കവി വിരമിക്കുന്നു. സമ്പന്നരുടെ ഉന്മാദവും പട്ടിണിപ്പാവങ്ങളുടെ പെടാപ്പാടുകളും രണ്ടു തുലാസിലിട്ട് അവതരിപ്പിച്ചതാണ് വാഴക്കുല . മലയാളക്കരയിൽ അത് ഏറെ ഫലം കൊയ്തു.
No comments:
Post a Comment