Saturday, 8 July 2017

ലേഖനം

'പെങ്ങൾ' - ത്യാഗ സന്നദ്ധമായ സാഹോദര്യത്തിന്റെ നേർസാക്ഷ്യം.

'പെങ്ങൾ' സംഘർഷ പൂർണമായ ഒരു കവിതയാണ്. നേടിയെടുത്ത സ്വർഗ്ഗം അനുജനു വേണ്ടി വലിച്ചെറിയുന്ന , അനുജനാകുന്ന സ്വർഗ്ഗം വലിച്ചെറിയുന്ന ഒരു പെങ്ങളെ നമുക്കവിടെ കാണാം.

അഞ്ചാറു വയസ്സുള്ള പെങ്ങൾ തൊണ്ണൂറു ദിനം തികയാത്ത അനുജനെ തോളിലിട്ടു ഇരന്നും അലഞ്ഞും കഴിഞ്ഞു കൂടി. അൽപ്പം മുതിർന്ന വേളയിൽ ഇവിടം വിട്ട് പോകണമെന്ന് അനിയൻ ശാഠ്യം പിടിക്കുന്നു. എന്നാൽ ഒരായിരം ഓർമ്മകൾ ഉണർത്തുന്ന അവിടം വിട്ട് പോകാൻ ചേച്ചിയ്ക്ക് മനസ്സില്ലായിരുന്നു. പോരെങ്കിൽ അവൾക്കാദ്യമായി ഒരു തുണി വാങ്ങിക്കൊടുത്ത സ്നേഹസ്വരൂപൻ രാത്രി തോറും വന്നു മുട്ടി വിളിക്കാറുണ്ട്. അയാളോടുള്ള അഭിനിവേശം അവളെ അവിടെ ബന്ധിക്കുന്നതായിരുന്നു. എന്നാൽ അനുജനു വേണ്ടി മരിയ്ക്കാൻ വരെ തയ്യാറായ അവൾക്ക് അവനോട് മറുവാക്ക് പറയാൻ കഴിഞ്ഞില്ല. കുട്ടിക്കാലത്ത് അവൻ കൊച്ചിങ്ങ വലിച്ചെറിഞ്ഞു കണ്ണു കലങ്ങി ഉണ്ടായ കലകളിന്നും മായാതെ കിടക്കുന്നു. അത് അനുജനു നൽകിയ വാത്സല്യത്തിന്റെ  മധുര സ്മരണയാണ്. അവന് അച്ഛനും അമ്മയും ഏട്ടനുമെല്ലാം ഈ പെങ്ങൾ തന്നെ. അവൾക്ക് തന്റേതെന്ന് പറഞ്ഞ് ചൂണ്ടിക്കാട്ടാൻ അവൻ മാത്രമേയുള്ളൂ. ജീവനു തുല്യം സ്നേഹിച്ച അനുജന്റെ ദേഹത്ത് കാമുകനേൽപ്പിച്ച പരുക്ക് അവളിൽ സങ്കടമുണ്ടാക്കി. ഒടുവിൽ അനുജന്റെ നിർബന്ധത്തിനു വഴങ്ങി അവർ നാടുവിട്ടു. ഇത് ആദ്യ രംഗം.

രംഗം രണ്ടിൽ, കാലുറയും പാപ്പാസും ധരിച്ച അനുജൻ ഒരു യുവാവായിക്കഴിഞ്ഞു.കൈയിൽ പുകയുന്ന സിഗരറ്റും തലയിൽ പുകയുന്ന ചിന്തകളുമായി അവൻ കസേരയിലിരിക്കുന്നു. പെങ്ങൾ ജീവരക്തം വാർന്ന് വിളറിയിരിക്കുന്നു. മാനഭിമാനങ്ങളും സത്യാസത്യങ്ങളും തിരിച്ചറിയുന്ന വിധം അനുജൻ വളർന്നിരിക്കുന്നു. പെങ്ങളുടെ ജീവിത ശുദ്ധിയിൽ സംശയം തോന്നിയ അവൻ അവളെ ചോദ്യം ചെയ്യുന്നു. അവളിലെ സ്ത്രീത്വം ഞെട്ടിത്തരിച്ചു പോയ നിമിഷമായിരുന്നു അത്. ഒരു കുറ്റസമ്മതത്തോടെ വാസ്തവം എന്നവൾ ഏറ്റു പറഞ്ഞു. പണ്ട് അനുജൻ പറഞ്ഞതുപോലെ ഇവിടം വിട്ട് പോകാമെന്ന് അവൾ അപേക്ഷാ സ്വരത്തിൽ അവനോട് പറഞ്ഞെങ്കിലും അവനത് ഗൗനിച്ചില്ല. അലിവിന്റെ ഉറവ വറ്റിയ അനുജനെ വിട്ട് കണ്ണീർ വാർത്തു കൊണ്ട് അവളാ പടിയിറങ്ങുന്നു. അനുജൻ തിരികെ വിളിക്കുമെന്ന പ്രതീക്ഷയിൽ അവൾ പല തവണ തിരിഞ്ഞു നോക്കിയെങ്കിലും അവന് ഭാവഭേദം ഒന്നും തന്നെയുണ്ടായില്ല.

'അയ്യോ വളരുവതെന്തിനുമാനുഷ ബീജം' - എന്ന് ഇടശ്ശേരി ആശങ്ക പങ്കു വെയ്ക്കുന്നത് മാനവ മൂല്യങ്ങളുടെ നഷ്ടം കണ്ടിട്ടാണ്. ഒരിയ്ക്കൽ എല്ലാമായിരുന്നവർ വളർന്നു കഴിഞ്ഞപ്പോൾ ആരുമല്ലാതാകുന്ന വൈരുദ്ധ്യം ലോക സാധാരണമായ ഒരു പരിണാമമാണ്. പെങ്ങൾക്ക് സ്നേഹിക്കാനും അനുജനു വേണ്ടി ത്യാഗം ചെയ്യാനും മാത്രമറിയാം. പക്ഷേ അനുജൻ ആ സ്നേഹത്തിന്റെ മാറ്റു പരീക്ഷിക്കുകയാണു ചെയ്തത്. കൊടുക്കുന്ന സ്നേഹം തിരിച്ചു കിട്ടുകയില്ലെന്ന ജീവിത യാഥാർത്ഥ്യമാണ് 'പെങ്ങളി' ലൂടെ കവി പറഞ്ഞു വെയ്ക്കുന്നത്.

Thursday, 6 July 2017

യാത്രാവിവരണം

യാത്രകളിലെ കഥാപാത്രങ്ങൾ

തികച്ചും യാദൃശ്ചികമായി മാത്രം കണ്ടുമുട്ടുകയും സൗഹൃദത്തിലാവുകയും ചെയ്യുന്ന ധാരാളം പേർ നമ്മുടെ ജീവിതത്തിലുണ്ടാകും. എന്നും കൂടെയുള്ളവരേക്കാൾ വല്ലപ്പോഴും ഓടിയെത്തുന്നവരുടെ സന്ദേശങ്ങൾ വേറിട്ടൊരു അനുഭവമാണ്. യാത്രകളിലാകും പലപ്പോഴും ഇത്തരം സൗഹൃദങ്ങൾ നമുക്ക് ലഭിക്കുക.യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് സുഹൃത്തുക്കളേറും.

യാത്ര ഒരു ഹരമായപ്പോൾ കൂടുതൽ പോകാനാഗ്രഹിച്ചത് പൊന്മുടിയിലേക്കാണ്. കാടുകയറാനിഷ്ടമുള്ളവർക്ക് പൊന്മുടിയിലെ വരയാടു മൊട്ട നല്ല ഇടമാണ്. കുറച്ച് സാഹസികത നിറഞ്ഞ യാത്രക്കൊടുവിൽ വലിയൊരു മൊട്ടക്കുന്നിൽ എത്തിച്ചേരും..... വരയാടു മൊട്ടയിൽ..... വരയാടുകളുടെ സങ്കേതത്തിൽ....

ഈ യാത്രയിൽ എനിക്കു കിട്ടിയ സുഹൃത്താണ് പീക്കൂട്ടി. പ്രിയങ്കാ ശിവദാസ്. ഫോട്ടോഗ്രാഫർ. ആരോടും പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതം. ആളോട് സംസാരിച്ചാൽ സന്തോഷിക്കാനുള്ള വകയുണ്ടാകും. ബൈക്കുകളിൽ 12 ഓളം പേർ ചേർന്ന സംഘം പൊന്മുടിയിലേക്ക് യാത്ര തിരിച്ചു. വഴിയിൽ എവിടെയെല്ലാം ബൈക്ക് നിർത്തിയോ അപ്പോഴെല്ലാം അവൾ സുഹൃത്തുക്കളെ സമ്പാദിച്ചുകൊണ്ടിരുന്നു. ഇത് ഒരു കൗതുകം തന്നെയായിരുന്നു. വഴിമധ്യേ ഒരു ചായക്കടയിൽ കയറി ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ഒരു വയസ്സായ സ്ത്രീയുമായി അവൾ പരിചയത്തിലായി. ഒടുവിൽ അവിടുന്ന് തിരിച്ചു വരാൻ നേരം പരസ്പരം കെട്ടിപ്പിടിച്ച് കരച്ചിൽ വരെയായി. തികച്ചും അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയുള്ള അവളുടെ പെരുമാറ്റം ഒരു അത്ഭുതം തന്നെയായിരുന്നു.

ഒരു ഇളക്കക്കാരിയുടെ മനോഭാവമാണ് അവൾക്കെന്നായിരുന്നു തുടക്കത്തിൽ മറ്റുള്ളവരുടെ അഭിപ്രായം.അവളൊന്ന് കണ്ണിൽ നിന്നും മാറുമ്പോൾ അവളെപ്പറ്റി മറ്റുള്ളവർ കുറ്റം പറയുന്നത് കേൾക്കാൻ കഴിഞ്ഞു. ഒരു അതിർവരമ്പുമില്ലാത്ത പീക്കൂന്റെ സംസാരം പലപ്പോഴും കൂടെയുള്ളവർക്ക് അതിശയം തന്നെയായിരുന്നു. കാരണം വേറൊന്നുമല്ല , ഗ്രാമത്തിന്റെ അതിർവരമ്പുകളിൽ മാത്രം ഒതുങ്ങിയിരുന്ന ജീവിതത്തിൽ പല യാഥാർത്ഥത്യങ്ങളേയും ഉൾക്കൊള്ളാനുള്ള തന്റേടമില്ലായിരുന്നു. ചെയ്യുന്ന പ്രവൃത്തികളെ മറ്റുള്ളവരിൽ ബോധ്യപ്പെടുത്താനുള്ള ശ്രമവും, ആ ബോധ്യപ്പെടുത്തൽ പരാജയപ്പെട്ടാൽ അവിടെ വെച്ചു തന്നെ അത്തരം ശ്രമങ്ങളുടെ മുനയൊടിക്കാനുമുള്ള അഭ്യാസമാണ് ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്നത്. പലരും അതിൽ നിന്നെല്ലാം മാറി ചിന്തിക്കുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളിൽ തനിനിറം പുകയുന്നുണ്ട്.

യാത്രയുടെ അവസാനം വലിയൊരു മാറ്റം തന്നെയാണ് കാണാൻ കഴിഞ്ഞത്.അനുകരണം ശീലമുള്ള മലയാളിയ്ക്ക് പുതിയതിനെ അനുകരിയ്ക്കാൻ തിടുക്കമായിരിക്കും. പ്രിയങ്ക ഒരു അഭ്യാസമാണെങ്കിൽ, ആ അഭ്യാസത്തെ എന്തുകൊണ്ട് അനുകരിച്ചു കൂടാ എന്ന് പലരും ചിന്തിച്ചു. എന്റെ അതിർത്തി ഞാൻ തന്നെ തീരുമാനിച്ചാൽ പ്പിന്നെ അത് മറ്റൊരാൾക്ക് നശിപ്പിക്കാൻ കഴിയില്ല. ആർക്കും പ്രവേശിക്കാനുമായില്ല . എന്നാൽ അതിരില്ലെന്ന് തീരുമാനിക്കുമ്പോൾ അകത്തേയ്ക്കു വരാൻ ആളുകൂടും. അതൊരു അനുഭവം തന്നെയാണെന്ന് അവളിലൂടെ തിരിച്ചറിഞ്ഞു. എന്നിൽ ഒരാൾക്ക് പ്രവേശനമുണ്ടാകണമെങ്കിൽ ഞാൻ വിശാലമായിരിക്കണം. വിശാലമായ മനസ്സിൽ എപ്പോഴും ചിരിയുണ്ടാകും. സന്തോഷമുണ്ടാകും .

വേറിട്ടൊരു പാഠവുമായിട്ടാണ് ആ യാത്ര പിരിഞ്ഞത്. ഇന്നും വരയാടു മൊട്ട ഒരു അനുഭവമായി നിൽക്കുന്നത് ഈയൊരു സുഹൃത്തിനെ ഓർക്കുമ്പോഴാണ്. യാത്രപോകാൻ പ്രേരണ നൽകിയവർക്ക് നന്ദി....

Monday, 3 July 2017

ലേഖനം

ചങ്ങമ്പുഴയുടെ 'വാഴക്കുല' - ഒരു അവലോകനം

സാമൂഹ്യാസമത്വത്തിനെതിരെ, അല്ലെങ്കിൽ പതിത വർഗ്ഗത്തിന്റെ ഉയിർത്തെഴുന്നേല്പിനുള്ള ആഹ്വാനം ആയിരുന്നു ചങ്ങമ്പുഴയുടെ വാഴക്കുല. സ്വപ്നാടനക്കാരും സാമൂഹ്യ പ്രശ്നങ്ങളോട്‌ വിമുഖതയുള്ളവരുമാണ് റൊമാന്റിക് കവിളെന്ന് ആക്ഷേപമുണ്ട്. ചങ്ങമ്പുഴയുടെ മിക്ക കൃതികളും ഇത്തരം ഭാവഗാനങ്ങളാണെങ്കിലും, 'വാഴക്കുല ' സാമൂഹ്യാവസ്ഥയിലെ അസമത്വത്തെ നിശിതമായി വിമർശിക്കുകയാണ് ചെയ്യുന്നത്. ജന്മിത്തത്തിന്റെ വൈകൃതങ്ങളെ ഈ കൃതി വർണ്ണിക്കുന്നു.

ജന്മിയുടെ കുടികിടപ്പുകാരനായ മലയപ്പുലയൻ അവനന്റെ മാടത്തിന്റെ മുറ്റത്ത് ഒരു വാഴ നട്ടു. അതു സ്വന്തമാണെന്നും അതിന്റെ പഴം രുചിക്കാമെന്നും സ്വപ്നം കാണുന്ന കുട്ടികളുടെ ഉത്സാഹവും അതിമോഹവും വളരുന്നതിനൊപ്പം വാഴയും വളർന്നു. കുല വിളഞ്ഞു വെട്ടാറാകുന്നതിനു മുമ്പ് അവിടെ പല നാടകീയ മുഹൂർത്തങ്ങളും ഉണ്ടാകുന്നു. ഒടുവിൽ വാഴക്കുല വെട്ടിയപ്പോൾ മലയന്റെ ഉള്ളിൽ തമ്പുരാന്റെ കൽപ്പന ഇടിനാദം പോലെ മുഴങ്ങി. പുലയക്കിടാങ്ങളുടെ മോഹങ്ങൾ അണഞ്ഞു. സമ്പന്നരുടെ നീതി പാവങ്ങൾക്ക് സംരക്ഷണം നൽകില്ലെന്ന ആക്ഷേപത്തിലാണ് കവിത അവസാനിക്കുന്നത്.

വാഴ നട്ടതു മുതൽ പുലയക്കുടിലിൽ ഉണ്ടാകുന്ന ഉണർവും ഉത്സാഹവും അവശ വിഭാഗത്തിനുണ്ടാകുന്ന പ്രത്യാശയുടെ പ്രതിഫലനമാണ്. അരുമക്കിടാങ്ങളിലൊന്നായിട്ടാണ് അഴകിപ്പുലക്കള്ളി അതിനെ ലാളിച്ചത്. വാഴ ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു. അതിന് വെള്ളം നനയ്ക്കാൻ അവർ ഒരിക്കലും മറന്നില്ല. അതിവേഗം വളർന്ന തൈ വാഴച്ചുവട്ടിലാണ് മുഴുപ്പട്ടിണിയാണെങ്കിലും പുലയക്കിടാങ്ങൾ കളിച്ചു രസിച്ചത്. കത്തുന്ന വയറുമായി വാഴച്ചുവട്ടിലിരിക്കുന്ന കിടാങ്ങളെ കണ്ടിട്ട് കത്തുന്ന വെയിലിന്റെ ഉള്ളിലും നനവുണ്ടായി നിഴൽ വിരിച്ചു പോകും.

വാഴക്കുല കുലയ്ക്കുന്നതിനു മുൻപ് കിടാങ്ങൾ കൊതിയൂറി അതിന്റെ ചുവട്ടിൽ നിൽക്കുന്നതും പഴമൊക്കെ കട്ടു തിന്നുമെന്ന് ശണ്ഠ കൂടുന്നതും അച്ഛൻ അരി വാങ്ങാൻ വെട്ടി വിൽക്കുമെന്ന് പരിഭവം പറയുന്നതും വേദനയുണ്ടാക്കുന്നതാണ്.

വാഴക്കുല വിളഞ്ഞ് വെട്ടാൻ കാലമായി . വാഴയെ സ്പർശിച്ച മലയന്റെ ഉള്ളിൽ തമ്പുരാന്റെ കൽപ്പന ഇടിവെട്ടു പോലെ മുഴങ്ങി. അവൻ കൈമെയ് തളർന്നു നിന്നു. കൊതി മൂത്ത കുഞ്ഞുങ്ങൾ ആഹ്ലാദഭരിതരായി ചുറ്റും നിൽക്കുന്നു. ഏതോ നിഗൂഡ രഹസ്യം ഉള്ളിൽ തട്ടിയ അഴകി അലമുറയിടുന്നുണ്ടായിരുന്നു. ജന്മിയുടെ കാരുണ്യത്താൽ കുടിൽ കെട്ടി കഴിയുന്നവൻ അവന്റെ അധ്വാനഫലം തമ്പുരാന് കാഴ്ചവെയ്ക്കാനുള്ളതാണ്. 'ഒരു വാഴ വേറെ ഞാൻ.... ' എന്ന അർദ്ധവിരാമത്തോടെ മലയൻ കുല തോളിലേറ്റി നടന്നു. ഇനി എത്ര വാഴ വെച്ചാലും ഇതു തന്നെയാണ് അവസ്ഥ.

'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ
നിങ്ങൾ തൻ പിൻമുറക്കാർ '

തമ്പുരാനോട് എതിർത്തു നിൽക്കാൻ പുലയന് കരുത്തില്ല. ഒരു പക്ഷേ അനന്തര തലമുറ കരുത്തു നേടി ജന്മിത്തത്തിന് എതിരേ ശബ്ദമുയർത്തുമെന്ന് മലയൻ പ്രതീക്ഷിക്കുകയാണ്.മലയപ്പുലയനിലൂടെ സമൂഹത്തോടുള്ള കവിയുടെ പ്രതിഷേധമാണ് കാണാൻ കഴിയുന്നത്. പണമുള്ളവൻ നിർമ്മിച്ച നീതിയ്ക്ക് പാവങ്ങളുടെ സങ്കടത്തിന് പരിഹാരം കാണാൻ സാധിക്കയില്ലെന്ന വ്യസനത്തോടെ കവി വിരമിക്കുന്നു. സമ്പന്നരുടെ ഉന്മാദവും പട്ടിണിപ്പാവങ്ങളുടെ പെടാപ്പാടുകളും രണ്ടു തുലാസിലിട്ട് അവതരിപ്പിച്ചതാണ് വാഴക്കുല . മലയാളക്കരയിൽ അത് ഏറെ ഫലം കൊയ്തു.