മുടിയേറ്റ്- ഒരു അന്വേഷണം
മധ്യകേരളത്തിലെ ദേവി ക്ഷേത്രങ്ങളിൽ ആണ്ടു നേർച്ചയായോ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായോ നിർവഹിക്കപ്പെടുന്ന അനുഷ്ഠാനമാണ് മുടിയേറ്റ്. ഇതിന്റെ അന്തര്ധാരയായി വർത്തിക്കുന്ന പുരാവൃത്തം കാളി - ദാരിക യുദ്ധമാണ്. വ്യക്തമായ ലക്ഷ്യബോധത്തോടെ കൃഷിചെയ്യുന്ന സമതല പ്രദേശത്തെ ജനതയ്ക്ക് അവരുടെ കൃഷിയെയും വിളവിനെയും കുറിച്ച് എപ്പോഴും ആശങ്കയാണ്. വിള നാശത്തിനു കാരണമാകുന്ന ശക്തികളിൽ നിന്ന് തങ്ങളുടെ വിളവിന് സംരക്ഷണം ലഭിക്കാനായി അവർ കാർഷിക ദേവതകളെ ആരാധിക്കുകയും പ്രീതിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു പോന്നു. കാളിയെ ആണ് ഈ ജനത കൃഷി ദേവതയായി ആരാധിച്ചത്. അതിനാൽ തന്നെ കാളിയെ പ്രകീർത്തിക്കുന്നതിനും അനുഗ്രഹം ലഭിക്കുന്നതിനും വേണ്ടി വിളവിന്റെ ഒരു വിഹിതം ദേവതയ്ക്ക് കാണിക്കയായി നൽകിക്കൊണ്ട് വരും വർഷത്തെ വിളവിനായുള്ള തയ്യാറെടുപ്പ് ആരംഭിക്കുന്ന പതിവാണ് മുടിയേറ്റുമായി ബന്ധപ്പെട്ടുള്ളത്. ഇത് പറയെടുപ്പ് എന്നപേരിൽ അറിയപ്പെടുന്നു.
മുടിയേറ്റിന്റെ ഭാഗമായി എഴുതപ്പെടുന്ന ഭദ്രകാളിക്കളത്തിൽ കാളിയുടെ ശരീരം പച്ച നിറത്തിലുള്ള പൊടികളെക്കൊണ്ടാണ് ആലേഖനം ചെയ്യുന്നത്. പ്രകൃതി ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് കൊണ്ടാണ് കളമെഴുത്തിനുള്ള വർണ്ണങ്ങൾ തയാറാക്കുന്നത്. കുരുത്തോലകൊണ്ടു കളം മായ്ക്കുന്ന സമയത്ത് മാറിടപ്രദേശം ഒഴിച്ചു നിർത്തുകയും ഇത് ദേവീ പ്രസാധമായി കണക്കാക്കുകയും ചെയ്യുന്നു.
മുടിയേറ്റിലെ ധാരികവധാനന്തരം നിർവഹിക്കപ്പെടുന്ന ഒരു അനുഷ്ഠാനം
കുരുതിയാണ്. തേങ്ങയും കുമ്പളങ്ങയും വെട്ടിയ ശേഷം ഉരുളിയിൽ തയാറാക്കി വെച്ചിരിക്കുന്ന കുരുതി തർപ്പണം ചെയ്ത് മണ്ണിലേക്ക് കമിഴ്ത്തുന്ന ചടങ്ങാണിത്. തേങ്ങ ദാരിക ശിരസ്സും, കുമ്പളങ്ങ ദാരികന്റെ ശരീരവും , കുരുതി ദാരിക രക്തവുമായാണ് കരുതുന്നത്.
കേരളത്തിൽ പ്രചരിക്കുന്ന ധാരികവധം പുരാവൃത്തത്തിൽ ദാരികന്റെ ഒരു തുള്ളി ചോര ഭൂമിയിൽ വീഴ്ത്തപ്പെടുമ്പോൾ അത് ആയിരം ദാരികന്മാർക്ക് ജന്മം നൽകുന്നു എന്ന സൂചനയുണ്ട്. ഒരു നെന്മണിയിൽ നിന്നാണ് അനേകം നെന്മണികൾ ഉണ്ടാകുന്നതെന്ന് സത്യം ദാരികനുമായി ചേർത്തുവച്ച് വായിക്കാം. ദാരിക വധത്തിനു ശേഷമുള്ള വിളവിറക്കിലൂടെ ആയിരം മേനിയുള്ള വിളവ് തങ്ങൾക്ക് ലഭിക്കുമെന്ന പ്രത്യാശ കർഷക സമൂഹത്തിന് ഉണ്ടാകുന്നു.
കേരളത്തിലെ അനുഷ്ഠാനങ്ങളിൽ കാളി ദാരിക പുരാവൃത്തം രൂപപ്പെടാനുണ്ടായ സാഹചര്യം കാർഷിക പശ്ചാത്തലത്തിൽ ആണ് വായിക്കേണ്ടത്. വിളവിറക്കിന് മുന്നോടിയായി നടത്തപ്പെടുന്ന മുടിയേറ്റ് സമൃദ്ധമായ വിളവും ഐശ്വര്യദായകമായ ഭാവിയും ലക്ഷ്യമാക്കിക്കൊണ്ട് നിർവഹിക്കപ്പെടുന്നത് എന്നാണ് സൂചന. ജീവനെയും സമൂഹത്തെയും നാടിനെയും ഊഷരതയിൽ നിന്നും ഉർവ്വരതയിലേക്ക് നയിക്കുന്ന ധർമാണ് ആത്യന്തികമായി ഇത്തരം അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതും.
No comments:
Post a Comment