കൈത്തലം
ഇരുകൈകളെന്റെ തലയിൽ തൊട്ടു-
യോനിയിൽ നിന്നും പറിച്ചു വെളിയിലേക്കിട്ടു...
ചുവന്ന പുഷ്പങ്ങളേക്കാൾ ദൃഢതയെ അന്ന് ഞാൻ ആ കൈകളിലൊഴുക്കി.
കൈമാറ്റങ്ങൾ നടന്നുകൊണ്ടേയിരുന്നു..
ഒടുവിലെത്തിയ കരങ്ങളിൽ
സുരക്ഷിതത്വം കൂടി....
ആ കൈകളിലെ തലോടലിന്
പ്രത്യേകതകളേറെയാണെന്നു തോന്നി.
അതെപ്പോഴുമെന്നെ ചേർത്തു പിടിച്ചു.
തലോടിക്കൊണ്ടമ്മിഞ്ഞ തന്നു....
രുചിയെന്തെന്നറിയില്ലെങ്കിലും,
വിശപ്പെന്തെന്നറിയില്ലെങ്കിലും,
ആവോളം കുടിച്ചു....
മതിയെന്നു പറഞ്ഞെങ്കിലും കൈകളിലൊതുക്കി, ഞാനും ഒതുങ്ങിക്കൂടി.
വാത്സല്യം തന്നു, അറിവ് തന്നു, പ്രതികരിക്കാനുള്ള പാഠങ്ങൾ
പറഞ്ഞു തന്നു..
അപ്പോഴും തോളത്തൊരു കൈ.. ആരുമറിയാതെ പതുക്കെയൊന്നു തട്ടിമാറ്റി, ഞാനറിയാതെ പിന്നെയുമതവിടെവന്നു.. പ്രതികരണ പാഠങ്ങൾ ആവോളമായപ്പോൾ കരത്തിനോടുള്ള പ്രിയം ആക്ഷേപമായി..
തട്ടിയെറിഞ്ഞിട്ടും കൂടെ വന്നപ്പോൾ,
പഠിച്ച പാഠങ്ങളെടുത്തു പ്രയോഗിച്ചു .
പിന്നെയുമെന്റെ തോളത്തേക്കാത്
നീളുന്ന കണ്ടു...
എന്നെ തൊടാത്തിടത്തേക്ക് ഞാനോടി..
ഓടിയോടി ദൂരെക്കുമാറി...
എങ്കിലുമെപ്പോഴോ ചുരുങ്ങിയ
കരങ്ങളുടെസാമീപ്യം...... ഒടുവിലന്നന്ത്യത്തിൽ വെറുതെയാ പാണിയിൽ കൈയൊന്നു വെച്ചപ്പോളറിയുന്നതുണ്ടു ഞാൻ
കുളിരുന്ന കയ്യിലെ പുണരുന്ന സാന്ത്വനം....