Tuesday, 30 May 2017

ചലനചിത്രം


ചലിക്കുന്ന ചിത്രമാണ് ചലച്ചിത്രം.
ചലച്ചിത്രങ്ങള്‍ അവ നിര്‍മ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്കാരിക പ്രതിഫലനമാണ് . അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നു. ചലച്ചിത്രങ്ങളെ പ്രധാനപ്പെട്ട ഒരു കലാരൂപമായും ജനപ്രിയ വിനോദോപാധിയായും കണക്കാക്കപ്പെടുന്നു. ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ അവയ്ക്ക് ഒരു സാര്‍വ്വലോക വിനിമയശക്തി നല്‍കുന്നു.

ചലച്ചിത്രങ്ങള്‍ നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണി ഉപയോഗിച്ചാണു ഉണ്ടാക്കുന്നത്. നിശ്ചലചിത്രങ്ങള്‍ അതിവേഗത്തില്‍ തുടര്‍ച്ചയായി കാണിക്കുമ്പോള്‍ അവ ചലിക്കുന്നതായി തോന്നുന്നു. ഒരു ചിത്രം മാറ്റിയിട്ടും ഏതാനും നിമിഷാര്‍ദ്ധ നേരത്തേക്ക് അത് അവിടെ തന്നെ ഉള്ളതായി പ്രേക്ഷകനു തോന്നുകയും, അത് കാരണം ചിത്രങ്ങള്‍ തമ്മിലുള്ള ഇടവേള അറിയാതാവുകയും അങ്ങനെ ചിത്രങ്ങള്‍ ചലിക്കുന്നതായി തോന്നുകയും ചെയ്യുന്നു.

ചലച്ചിത്രങ്ങളുടെ ആദി രൂപങ്ങൾ നാടകങ്ങളും നൃത്ത രൂപങ്ങളുമാണ്. ഇവയ്ക്ക് ചലച്ചിത്രങ്ങള്‍ക്ക് സമാനമായ കഥ, തിരക്കഥ, വസ്ത്രാലങ്കാരം, സംഗീതം, നിർമ്മാണം, സംവിധാനം, അഭിനേതാക്കൾ ‍, കാണികള്‍ തുടങ്ങിയവ നിലവില്‍ ഉണ്ടായിരുന്നു.

1928-ലാണ് മലയാളത്തിലെ ആദ്യസിനിമ വിഗതകുമാരൻ പുറത്തിറങ്ങുന്നത്. പത്തു കൊല്ലം കഴിഞ്ഞപ്പോള്‍ ബാലൻ എന്ന ശബ്ദചിത്രവുമിറങ്ങി. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്ന പ്രാദേശികഭാഷകളിലൊന്നാണ് മലയാളം. എഴുപതുകളുടെ തുടക്കത്തിലാണ് മലയാള സിനിമ ലോകസിനിമാ ഭൂപടത്തില്‍ സ്ഥാനം പിടിക്കുന്നതും ഒരു സംഘടിതകല എന്ന അവസ്ഥയില്‍നിന്ന്  'സംവിധായകന്റെ കല' എന്ന നിലയിലേക്ക് ഉയര്‍ത്തപ്പെടുന്നതും. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ ദശകത്തില്‍ സംവിധായകര്‍ ആഖ്യാനസമ്പ്രദായത്തില്‍ വിപ്ലവം വിതച്ചു. അമ്പതുകളില്‍ സത്യജിത്‌റായിയെ കേന്ദ്രീകരിച്ചാണ് വിപ്ലവം അരങ്ങേറിയതെങ്കില്‍ എഴുപതുകളില്‍ വിവിധ ദര്‍ശനങ്ങളുള്ള സംവിധായകരാണ് മാറ്റത്തിന് നേതൃത്വം നല്കിയത്. ശക്തമായ ഒരു ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തില്‍ തഴച്ചുവളര്‍ന്നത് ഉത്തമസിനിമയുടെ ആസ്വാദനത്തോടൊപ്പം അവയുടെ ജനനത്തിനും ഇടനല്കി. സത്യജിത്‌റായിക്കും മൃണാള്‍സെന്നിനും ശ്യാം ബെനഗലിനും ശേഷം ഇന്ന് ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന ചിത്രങ്ങള്‍ കേരളത്തില്‍നിന്നാണുണ്ടാകുന്നത്.

ചലച്ചിത്ര നിര്‍മ്മാണവും പ്രദര്‍ശനവും ലാഭം ഉണ്ടാക്കാന്‍ പറ്റിയ മേഖല ആണെന്ന് ഇതു കണ്ടുപിടിച്ച് കുറച്ചു നാളുകള്‍ക്കകം തന്നെ മനസ്സിലാക്കിയിരുന്നു.
ചലച്ചിത്രങ്ങളെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും പ്രചാരണത്തിനും വേണ്ടി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് പ്രഭാഷണം, എന്തെങ്കിലും പരീക്ഷണം, ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ/ജീവിത രീതി മുതലായവയുടെ വീഡിയോ ചിത്രങ്ങള്‍, അല്ലെങ്കില്‍ ഏതെങ്കിലും വിശിഷ്ട സാഹിത്യകൃതിയെ അടിസ്ഥാനമാക്കിയുള്ള സിനിമ തുടങ്ങിയവ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.

സമൂഹത്തിൽ ഇന്ന് സിനിമ എന്ന മാധ്യമം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഏതൊരു വിഷയത്തെയും പൊതുസമൂഹത്തിൽ വളരെ വേഗം എത്തിക്കാൻ സിനിമ  വഴി സാധിക്കുന്നു. പലപ്പോഴും വൈകാരികമായ സമീപനമാണ് സിനിമയോട് പ്രേക്ഷകർ കാണിക്കുന്നത്. അതുകൊണ്ടു തന്നെ സിനിമയിലൂടെ പല പരീക്ഷണങ്ങൾക്കും സംവിധായകർ തയ്യാറാകുന്നുണ്ട്. കലാമൂല്യമുള്ളവയിൽ നിന്നു കച്ചവട മൂല്യമുള്ളവയിലേക്ക് സിനിമ മാറി. ഈ കച്ചവട താൽപ്പര്യം പലപ്പോഴും സിനിമയെ പ്രേക്ഷകരിൽ നിന്നു അകറ്റി നിർത്തുകയും ചെയ്യുന്നു. എന്തുതന്നെ ആയാലും ഇന്ന് കലയുടെ പേരുകളിൽ ആദ്യം പരാമർശിക്കുന്നത് സിനിമ തന്നെയായിരിക്കും..

Monday, 29 May 2017

ലേഖനം

മറഞ്ഞു പോകുന്ന- “ചരടുപിന്നിക്കളി

ജനങ്ങൾ തലമുറ തലമുറകളായി ബോധനപരമായി പകർന്നു പോന്ന അറിവുകളാണ് ഫോക്‌ലോർ. ഫോക്‌ലോറിന് ഈ പകർച്ച അത്യാവശ്യമാണ്. ഒരുകാലത്ത് കലകൾ ജനജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. ഏതൊരു വിശേഷത്തിനും കലയെ മാറ്റി നിർത്തിയിരുന്നില്ല. ഇന്ന് നാടൻകലാരൂപങ്ങളുടെ പതനത്തിനു കാരണം കൈമാറ്റക്കുറവ് തന്നെയാണ്. പകരേണ്ടവയെ പകരാനും, പകർന്നാൽ തന്നെ ഏറ്റെടുക്കാനും പുതു തലമുറ മിനക്കെടാറില്ല. ‘ചരടുപിന്നിക്കളി’ എന്ന നാടൻ കലാരൂപത്തിന്റെ അധഃപതനത്തിനും ഇത് കാരണമായി.

ചരടുപിന്നിക്കളി എന്ന കലാരൂപത്തെക്കുറിച്ചു വളരെ കുറച്ചു പേർക്ക് മാത്രമേ അറിയുകയുള്ളൂ. ഒരു പ്രാദേശിക കലാരൂപമായി അത് നിലകൊള്ളുന്നു. കേരളത്തിന്റെ എല്ലാ ഭാഗത്തും ഇതേക്കുറിച്ചു കേട്ടുകേൾവി പോലും ഇല്ലാത്തവരുണ്ട്. പേരു കേട്ടാൽ പാവകളിയെന്നു തെറ്റിദ്ധരിക്കുന്നവരും കുറവല്ല.

പണ്ട് തിരുവിതാംകൂറിലെ കൊട്ടാര അങ്കണങ്ങളിലും നായർ തറവാടുകളിലുമായി ഒതുങ്ങിയിരുന്ന ഒരു കലാരൂപമാണ് ചരടുപിന്നിക്കളി. തിരുവാതിരയുടെ ചുവടു പിടിച്ച് രൂപപ്പെട്ട കലാരൂപമാണിത്. ശ്രീകൃഷ്ണ ലീലയെ ആസ്പദമാക്കി അവതരിപ്പിക്കുന്ന ചരടുപിന്നിക്കളിയിൽ വ്യത്യസ്ത ഇനങ്ങളുണ്ട്.

1. ഉറി
2. ഊഞ്ഞാൽ
3.ആൾവരിച്ചിൽ
4.കുത്തരഞ്ഞാണം
5.മാല്
6.തൊട്ടിൽ

ഇതിൽ ആദ്യത്തെ മൂന്നെണ്ണം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. 12 ഗോപസ്ത്രീകൾ 12 ചരടിൽ ആനന്ദ നൃത്തം ചെയ്ത് ഉറിയും ഊഞ്ഞാലുമൊക്കെ നിർമ്മിക്കുന്നു. അതീവ ജാഗ്രതയോടെ അവതരിപ്പിക്കുന്ന ഈ കലാരൂപം പ്രേക്ഷകനിൽ കൗതുകമുണർത്തുന്നതാണ്. കള്ളക്കണ്ണന്റെ കുസൃതി ഈ കലാരൂപത്തെ കൂടുതൽ സൗന്ദര്യമുള്ളതാക്കുന്നു. ഫോക്‌ലോർ അക്കാഡമിയുടെ പ്രോത്സാഹനം മാത്രമാണ് ചരടുപിന്നിക്കളിയുടെ  ആകെയുള്ള ആശ്വാസം. ടൂറിസം പരിപാടികളിൽ അവർ കൂടുതലായും നാടൻ കലാരൂപങ്ങളെയാണ് ഉൾപ്പെടുത്തുന്നത്. ഈ കലാരൂപത്തെ കൂടുതൽ വേദികളിൽ എത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തികച്ചും വ്യത്യസ്തതയാർന്ന ചരടുപിന്നിക്കളി പുതിയ തലമുറയ്ക്ക് ലഭിക്കാതെ വരുന്നത് വലിയൊരു നഷ്ടം തന്നെയാണ്. ഈ നഷ്ടത്തെ ഒരു പരിധി വരെ കുറയ്ക്കുന്നതിൽ തിരുവനന്തപുരം ജില്ലയിലെ തന്നെ ചുള്ളിമാനൂർ ‘ഗുരുകൃപ നാടൻ കലാ കേന്ദ്രവും’, വെഞ്ഞാറമൂട് ‘രംഗപ്രഭാതും ‘ വലിയൊരു പങ്കാണ് വഹിക്കുന്നത്. നിരവധി പുതു തലമുറകൾ ഈ അക്കാദമികളിൽ നിന്നും ചരടുപിന്നിക്കളി അഭ്യസിക്കുന്നു. ഒരുപക്ഷേ തീർത്തും അന്യംനിന്നു പോകുമായിരുന്ന ഈ കലയെ ഒരു പരിധി വരെ സംരക്ഷിക്കാൻ ഇവർക്ക് കഴിയുന്നുണ്ട്.

നാടൻ കലാ രൂപങ്ങളെക്കുറിച്ചു പഠനം നടത്തുന്നതും അവയെ ആധുനിക സമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നതും യാഥാസ്ഥിതിക ചിന്താഗതികളെയും അന്ധവിശ്വാസങ്ങളെയും പുനപ്രതിഷ്ഠിക്കുവാനാണ് എന്നു കരുതുന്നവരുണ്ട്. കേട്ടു കേൾവിപോലും ഇല്ലാത്ത പല നാടൻ കലാരൂപങ്ങളെയും പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നത് പ്രാചീനമായ ഒരു കാലഘട്ടത്തിൽ അവയ്ക്കുണ്ടായിരുന്ന പ്രസക്തിയെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും അവർ ഗ്രഹിക്കാൻ വേണ്ടിയാണ്. അല്ലെങ്കിൽ ഇവ വെറും പുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്ന വിവരങ്ങളായി പോകും.